പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ശിവസേന; തീരുമാനം പ്രഖ്യാപിച്ച് സഞ്ജജയ് റാവുത്ത്
പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജജയ് റാവുത്ത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
"ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവരം ഇതാ... പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ശിവസേന തീരുമാനിച്ചു. ഞങ്ങള്‍ ഉടന്‍ കൊല്‍ക്കത്തയിലെത്തും ...!! ജയ് ഹിന്ദ്, ജയ് ബാന്ല!" റാവുത്ത് ട്വീറ്റില്‍ പറഞ്ഞു.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) സര്‍ക്കാരിന്റെ കാലാവധി വരുന്ന മേയ് 30ന് അവസാനിക്കും. 294 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനെ ഇടതു പാര്‍ട്ടികളുമായി സഹകരിച്ചാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇരു പാര്‍ട്ടികളിലേയും മുതിര്‍ന്ന നേതാക്കള്‍ ഇതുസംബന്ധിച്ച് ചര്‍ച്ച തുടങ്ങി. 2016ലെ തെരഞ്ഞെടുപ്പില്‍ 76 സീറ്റാണ് സഖ്യം നേടിയത്. ഈ മാസം അവസാനത്തോടെ മാത്രമേ മത്സരിക്കുന്ന സീറ്റുകളില്‍ ധാരണയിലെത്തൂവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ചര്‍ച്ചക്കുശേഷം പറഞ്ഞു. ഇടതുമുന്നണി ചെയര്മാന് ബിമന്‍ ബോസും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. ഇരു പാര്‍ട്ടികളും ചേര്‍ന്ന് കൊല്‍ക്കത്തയില്‍ വന്‍ റാലി സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഭരണം പിടിക്കാന്‍ സകല അടവും പയറ്റി ബി.െജ.പിയും രംഗത്തുണ്ട്.
https://www.facebook.com/Malayalivartha