ഒടുവിൽ അത് സംഭവിച്ചു... മൂന്നാം ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിൽ...! വാക്സിന് പിടിച്ച് നിൽക്കാൻ ആകുമോ?

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത്. മൂന്ന് ജനിതക മാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടജനിതക വ്യതിയാനം വന്ന വൈറസ് കടുത്ത ആശങ്കയാണ് പരത്തുന്നത്. ശക്തമായ വ്യാപനശേഷിയുള്ള ഈ വൈറസാണ് കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗവ്യാപനം വേഗത്തിലാക്കിയതെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധർ ഇപ്പോഴുള്ളത്. B1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സീനുകളെ നിർജീവമാക്കുമോ എന്ന് പരിശോധനകൾ ആരോഗ്യവിദഗ്ധർ നടത്തി വരികയാണ്.
ഇന്ത്യയിൽ കണ്ടെത്തിയതാണ് ഈ വൈറസ് എന്നിരിക്കേ, ഇവിടെ നിന്ന് മറ്റ് വിവിധ രാജ്യങ്ങളിലേക്ക് യാത്രാനിരോധനം ഏർപ്പെടുത്താനുള്ള സാഹചര്യമുണ്ടോ ആശങ്കയിലാണ് രാജ്യമിപ്പോൾ. ഗൾഫടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രാനിരോധനം പ്രഖ്യാപിച്ചാൽ നിരവധി പ്രവാസികളടക്കം കടുത്ത പ്രതിസന്ധിയിലാകും എന്നതിൽ സംശയമില്ല. E484Q, L452R എന്നീ രണ്ട് വ്യതിയാനങ്ങൾ സംഭവിച്ച വൈറസാണ് B1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്.
രാജ്യത്ത് നിന്ന് പുറത്തേക്ക് പോയ പലരിലും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യുകെ, യുഎസ് അടക്കം ഉള്ള രാജ്യങ്ങളിൽ ഈ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന എല്ലാവർക്കും 10 ദിവസം ഹോട്ടൽ ക്വാറന്‍റീനാണ് യുകെ നിർദേശിച്ചിരിക്കുന്നത്. യുകെയിൽ ഓരോ ആഴ്ചയും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തുന്നവരുടെ എണ്ണം ഇരട്ടിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് യുകെ പെടുത്തിയിരിക്കുന്നത്.
യുകെയിൽ കണ്ടെത്തിയ B117 എന്ന ജനിതകവ്യതിയാനം വന്ന വൈറസ് രാജ്യത്തെ സ്ഥിതി അതീവഗുരുതരമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യതിയാനം വന്ന വൈറസുകളെ പരമാവധി പ്രതിരോധിക്കാനുള്ള നടപടികളിലാണ് യുകെ. ലോകത്ത് 10 രാജ്യങ്ങളിലെങ്കിലും B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന്‍റെ കൂടി ഭാഗമായാണ് അമേരിക്ക ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. ഇനി യാത്ര അത്യാവശ്യമാണെങ്കിൽ രണ്ട് ഡോസ് വാക്സീനും നിർബന്ധമായും എടുത്തിരിക്കണമെന്നാണ് അമേരിക്ക പറയുന്നത്. ഇന്ത്യയെ അമേരിക്ക ലെവൽ നാല് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. B1351 എന്ന സൗത്ത് ആഫ്രിക്കയിൽ നിന്ന് പടർന്ന ജനിതകവ്യതിയാനം വന്ന വൈറസിനെയും, P1 എന്ന ബ്രസീലിൽ നിന്ന് പടർന്ന വൈറസിനെയും കരുതിയിരിക്കണമെന്ന് നേരത്തേ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നതായിരുന്നു.
അതേസമയം, നാലാംഘട്ട വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുവാനായി പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ധരും വാക്സീൻ നിർമ്മാതാക്കളുമായി വൈകിട്ട് ഇതിനെ പറ്റി ചർച്ച നടത്തും. വാക്സീൻ ഏതൊക്കെ വിഭാഗങ്ങൾക്ക് നല്‍കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
18 വയസ് കഴിഞ്ഞവരിൽ ആർക്കൊക്കെ വാക്സീൻ നല്‍കണമെന്ന് കേന്ദ്രം നിർദ്ദേശിക്കില്ല. 18 വയസിന് മുകളിലുള്ളവർക്ക് അടുത്ത ഒന്ന് മുതൽ വാക്സിനേഷൻ തുടങ്ങാനിരിക്കേ വാക്സീൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമായി 7,500 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചു.
രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത്. തുടർച്ചയായ രണ്ട് ദിവസം രണ്ടര ലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ കണക്ക്.
https://www.facebook.com/Malayalivartha


























