രാജ്യതലസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28,395 പേര്‍ക്ക് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചു, ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് ബാധ ചൊവ്വാഴ്ച രേഖപ്പെടുത്തി

രാജ്യതലസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 28,395 പേര്‍ക്ക് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന കണക്ക്. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് ബാധയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. 277 പേര്‍ ഒറ്റദിവസം ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചതായി അധികൃതർ വ്യക്തമാക്കി. ഡല്‍ഹിയില്‍ ിതുവരെ 85,600 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. കേസ് പോസിറ്റീവിറ്റി നിരക്ക് ചൊവ്വാഴ്ച 32.82 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,526 കൊവിഡ് പരിശോധനകള്‍ നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.
ഇതുകൂടാതെ 19,430 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും ആശുപത്രിയില്‍ കിടക്കകളുടെയും മരുന്നുകളുടെയും ഓക്‌സിജന്റെയും കുറവ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അധികൃതർ വ്യക്തമാക്കി. അടിയന്തരമായി കൂടുതല്‍ സഹായം കേന്ദ്രത്തില്‍നിന്നും നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആരോഗ്യമേഖല തകര്‍ച്ചയുടെ വക്കിലാണ്.
ആശുപത്രി കിടക്കകള്‍, മരുന്നുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയുടെ കടുത്തക്ഷാമം നഗരത്തിൽ ഉരുവായിട്ടുണ്ട്. ഡല്‍ഹിയിലെ ഓക്‌സിജന്റെ അവസ്ഥ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാരണം സ്റ്റോക്കുകള്‍ എത്തിയില്ലെങ്കില്‍ ചില പ്രമുഖ ആശുപത്രികളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഓക്‌സിജന്‍ തീരുന്നതാണ്. ഡല്‍ഹിക്ക് അടിയന്തരമായി ഓക്‌സിജന്‍ നല്‍കണമെന്ന് കെജ്‌രിവാള്‍ വീണ്ടും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. ചില ആശുപത്രികളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഓക്‌സിജന്‍ ശേഷിക്കുന്നത് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കുകയുണ്ടായി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എന്നാൽ ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെടുകയുണ്ടായി. ഓക്‌സിജന്‍ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഒക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























