നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക് വില്ക്കാന് ശ്രമിച്ച യുവതി പിടിയില്‍
നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപക്ക് വില്ക്കാന് ശ്രമിച്ച യുവതിയെ പിടികൂടി. നാഷനല്‍ കമീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് നടത്തിയ ഓപറേഷനിലാണ് പ്രിയങ്കയെന്ന യുവതി പിടിയിലായത്. കൃത്രിമ ഗര്‍ഭധാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ഡയഗനോസ്റ്റിക് സെന്ററിലെ ഏജന്റാണ് താനെന്ന് പ്രിയങ്ക ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. രക്ഷപെടുത്തിയ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലാക്കി.
എന്‍.സി.പി.സി.ആര് അധ്യക്ഷന്‍ പ്രിയാങ്ക് കനൂങ്കോയാണ് കുഞ്ഞിനെ വില്ക്കാന് ശ്രമിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതിയുമായി ബന്ധപ്പെട്ടത്. കുഞ്ഞിനെ ആവശ്യമായ യുവതിയുടെ സഹോദരന് എന്നാണ് പ്രിയാങ്ക് പരിചയപ്പെടുത്തിയത്. പ്രിയാങ്കിന്റെ ഔദ്യോഗിക മൊബൈലില്‍ വിളിച്ച യുവതി പെണ്‍കുട്ടിയെ മൂന്നര ലക്ഷം രൂപക്ക് വില്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. മുന്‍കൂറായി 25000 രൂപ നല്‍കണമെന്ന് അവര്‍ അറിയിച്ചു. ബാക്കി തുക കുട്ടിയെ കൈമാറിയ ശേഷം നല്കിയാല് മതിയെന്നാണ് യുവതി പറഞ്ഞത്.
പശ്ചിം വിഹാറിലുള്ള സായി ബാബ ക്ഷേത്രത്തില്‍ എത്താനാണ് യുവതി പ്രിയാങ്കിനോട് ആവശ്യപ്പെട്ടു. പ്രിയങ്ക എന്ന പേരിലുള്ളയാളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വിവരങ്ങളും കൈമാറി. ഡല്‍ഹി പൊലീസ് സംഘത്തിനൊപ്പമാണ് പ്രിയാങ്ക് സ്ഥലത്തെത്തിയത്.
അല്പസമയത്തിന് ശേഷം പ്രിയങ്ക കുട്ടിയുമായി ക്ഷേത്രത്തിലെത്തി. പ്രിയാങ്കിനോട് മുന്‍കൂറായി നല്‍കാമെന്ന് പറഞ്ഞ 25000 രൂപ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രതിയെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും അനുബന്ധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha