മേമന്റെ വധശിക്ഷ ശരിവച്ച ജഡ്ജിക്ക് ഇസഡ് പ്ലസ് സുരക്ഷ

യാക്കൂബ് മേമന്റെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി ജഡ്ജി ദീപക് മിശ്രയ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. മിശ്രയെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തിലാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. ഡല്‍ഹി പോലീസിലെ ഒരു കോണ്‍സ്റ്റബിളിന് പുറമെ സായുധ കമാന്‍ഡോകളും അദ്ദേഹത്തിന് 24 മണിക്കൂര്‍ സുരക്ഷ നല്‍കും.
ഇതിന് പുറമെ അദ്ദേഹത്തിന് അടമ്പടി വാഹനങ്ങളും അമ്പതോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കും. ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാക്കള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും എന്‍.എസ്.ജി കമാന്‍ഡോകളാണ് സുരക്ഷ ഒരുക്കുന്നത്. മിശ്രയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്കും സുരക്ഷ വര്‍ധിപ്പിച്ചു. സായുധരായ രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാരും എട്ട് കോണ്‍സ്റ്റബിള്‍മാരും അടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ ഒരുക്കുന്നത്.
മിശ്രയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവും ആവശ്യപ്പെട്ടിരുന്നു. ഭീഷണികള്‍ കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നു ദത്തു പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനാണ് മിശ്രയ്ക്ക് വധഭീഷണിക്കത്ത് ലഭിച്ചത്. എത്ര സുരക്ഷ ഒരുക്കിയാലും മിശ്രയെ ഇല്ലാതാക്കുമെന്നായിരുന്നു കത്തിലെ സന്ദേശം. സംഭവുമായി ബന്ധപ്പെട്ട് തുഗ്ലക് റോഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























