വാടക ഗര്‍ഭത്തിനായി ഇന്ത്യയിലെത്താന്‍ വിദേശീയര്‍ക്ക് വിസയില്ല

വാടക ഗര്‍ഭപാത്രം ലക്ഷ്യമിട്ട് ഇന്ത്യയിലെത്താന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശീയര്‍ക്കും വിസ നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശ നിര്‍ദ്ദേശം നല്‍കി. ഈ ആവശ്യമുന്നയിച്ച് ഇന്ത്യയിലെത്താനുള്ള അപേക്ഷകളില്‍ വിസ അനുവദിക്കേണ്ടെന്നാണ് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ദൗത്യസംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പണത്തിന് ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നത് നിരോധിക്കുമെന്നും പിഴ ചുമത്തുമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം സത്യവാങ്മൂലം നല്‍കിയിരുന്നു. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ അഭിമാനം സംരക്ഷിക്കാനും മനുഷ്യക്കടത്ത് തടയാനും കുട്ടിയെ വില്‍ക്കാനുമുള്ള സാദ്ധ്യത ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് മാത്രമേ വാടക ഗര്‍ഭത്തിന് അനുവാദം നല്‍കൂ എന്നും നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
2012 ജൂലൈയിലെ മുന്‍ വിജ്ഞാപനം പിന്‍വലിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം. വിദേശ ദൗത്യങ്ങളും വിദേശികളുടെ പ്രാദേശിക രജിസ്‌ട്രേഷന്‍ ഓഫീസുകളും(എഫ്.ആര്‍.ആര്‍.ഒ) നേരത്തെ നല്‍കിയ അനുമതികള്‍ റദ്ദാക്കാനും വിസ നല്‍കിയവയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. വിജ്ഞാപനത്തിന് മുമ്പ് വിസ ലഭിച്ച് ഇന്ത്യയിലെത്തി വാടകഗര്‍ഭത്തിലൂടെ കുട്ടിയുണ്ടായ ഓവര്‍സീസ് സിറ്റിസണ്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എക്‌സിറ്റ് വിസ നല്‍കില്ല. ഇത്തരത്തിലുള്ള ഓരോ സംഭവങ്ങളും എഫ്.ആര്‍.ആര്‍.ഒ പരിശോധിക്കുന്ന മുറയ്‌ക്കേ പരിഗണിക്കൂ.
വാടക ഗര്‍ഭത്തിന് ലോകത്തിലെ തന്നെ പേരുകേട്ട ഇടമാണ് ഇന്ത്യ. വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കാന്‍ പാവപ്പെട്ട വീട്ടമ്മമാര്‍ തയ്യാറായതോടെ ഇക്കാര്യത്തിനായി ഇന്ത്യയിലെത്തുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിരുന്നു. വാടക അമ്മമാര്‍ക്ക് അര്‍ഹതപ്പെട്ടതെല്ലാം നല്‍കണമെന്ന വ്യവസ്ഥയില്‍ വിദേശീയരെ ആകര്‍ഷിക്കാനുള്ള 2012-ലെ യു.പി.എ സര്‍ക്കാര്‍ നയമാണ് ബി.ജെ.പി സര്‍ക്കാര്‍ തിരുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























