ക്‌ഷേത്രദര്‍ശന വിവാദം; രാജ്യസഭ ബഹളത്തില്‍ മുങ്ങി

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ കുമാരി ഷെല്‍ജയുടെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്നലെ രാജ്യസഭയില്‍ ഭരണപ്രതിപക്ഷ ഏറ്റുമുട്ടല്‍. വൈകിട്ടു മൂന്നരവരെ പല തവണ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കു വഴങ്ങാതിരുന്നതിനെത്തുടര്‍ന്നു തമിഴ്‌നാട്ടിലെ മഴക്കെടുതി മാത്രം ചര്‍ച്ചചെയ്തു സഭ പിരിഞ്ഞു. സഭാധ്യക്ഷന്റെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ചചെയ്യുമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യന്‍ പിന്നീട് അറിയിച്ചു.
മറ്റു ബില്ലുകള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതിരുന്ന പ്രതിപക്ഷം തമിഴ്‌നാട്ടിലെ മഴക്കെടുതിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ചര്‍ച്ചയാകാമെന്നു സമ്മതിക്കുകയായിരുന്നു. ബി.ജെ.പി സഭാകക്ഷി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കുമാരി ഷെല്‍ജ, മറ്റു പാര്‍ട്ടി നേതാക്കള്‍ എന്നിവരെ ഉപാധ്യക്ഷന്റെ ചേംബറിലേക്കു ഇന്നലെ ഉച്ചയ്ക്കു വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും അനുരഞ്ജനത്തിലെത്താനായില്ല.
കഴിഞ്ഞ ദിവസം സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് തനിക്ക് ഗുജറാത്തിലെ ക്ഷേത്രം സന്ദര്‍ശിക്കുന്ന വേളയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് ഷെല്‍ജ പറഞ്ഞത്. ഗുജറാത്ത്് ദ്വാരകയിലെ പഴയ കൃഷ്ണക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്റെ ജാതി എന്തെന്നു വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു ഷെല്‍ജയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍, ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങവേ 2013 ഫെബ്രുവരി 22-ന് അവിടുത്തെ സൗകര്യങ്ങളെ പുകഴ്ത്തിയാണ് സന്ദര്‍ശക പുസ്തകത്തില്‍ ഷെല്‍ജ എഴുതിയതെന്ന് അതിന്റെ പകര്‍പ്പുമായി സഭയിലെത്തിയ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇതോടെ ബഹളവും തുടങ്ങി.
വിവേചനം ഉണ്ടായെന്ന തരത്തില്‍ പ്രതിപക്ഷം മനഃപൂര്‍വം വിഷയങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ആരോപിച്ചതോടെ പ്രതിപക്ഷപ്രതിഷേധം രൂക്ഷമായി. പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.
ഷെല്‍ജ സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നു പാര്‍ലമെന്ററികാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞു. പീയൂഷ് ഗോയലിന്റെ പ്രസ്താവന പിന്‍വലിക്കുകയോ മാപ്പു പറയുകയോ വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറിക് ഒബ്രിയനും ഇടത് എംപിമാരും കോണ്‍ഗ്രസിനൊപ്പം ആവശ്യപ്പെട്ടു.
അന്നു കേന്ദ്ര മന്ത്രിയായിരുന്ന ഷെല്‍ജ ഇത്തരത്തിലൊരു അനിഷ്ട സംഭവമുണ്ടായിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയോടോ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനോടോ പരാതിപ്പെടാതിരുന്നത് എന്തു കൊണ്ടായിരുന്നെന്നും ജെയ്റ്റ്‌ലി ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























