ചെന്നൈയില്‍ അവശ്യവസ്തുക്കള്‍ക്ക് കൊള്ളവില ഈടാക്കുന്നു: ഒരു ലിറ്റര്‍ പാലിന് 100 രൂപ

മഴയും വെള്ളപ്പൊക്കവും ദുരിതത്തിലാക്കിയ ചെന്നൈയില്‍ അവശ്യവസ്തുക്കള്‍ക്ക് വന്‍ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇതിന്റെ മറവില്‍ പലയിടത്തും സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരു ലിറ്റര്‍ കവര്‍ പാലിന് 100 രൂപയും 20 രൂപയുടെ കുപ്പിവെള്ളത്തിന് 150 രൂപയും വരെയാണ് ഈടാക്കുന്നത്. പച്ചക്കറിക്കും വന്‍ വില ഈടാക്കുന്നതായി പരാതിയുണ്ട്.
തക്കാളിക്കും ബീന്‍സിനും കിലോയ്ക്ക് 80 രൂപ വരെയും 90 രൂപ വരെയും പല സ്ഥലത്തും ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ലാറ്റുകളിലും മറ്റും കുടുങ്ങിയവര്‍ വീട്ടിനുള്ളില്‍ സാധനങ്ങള്‍ തീര്‍ന്നതിനാല്‍ പാചകം പോലും ചെയ്യാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്. ഈ അവസ്ഥ മുതലെടുത്താണ് നേരത്തെ ശേഖരിച്ചുവെച്ചിരുന്ന പച്ചക്കറികളും ഉല്‍പ്പന്നങ്ങളും കൊള്ളവിലയ്ക്ക് വില്‍പ്പന നടത്തുന്നത്.
സൈന്യം ഹെലികോപ്ടറില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിലും എല്ലാ മേഖലകളിലും എത്താന്‍ സാധിക്കുന്നില്ല. കെട്ടിടങ്ങളില്‍ കുടുങ്ങിയവര്‍ക്കാണ് ഹെലികോപ്ടറില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ കോളജ് വിദ്യാര്‍ഥികളും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഭക്ഷണപ്പൊതികള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























