ആണ്‍വേഷം കെട്ടി അമ്മായിയമ്മയെ മരുമകള്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി...
ആണ്‍വേഷം കെട്ടി അമ്മായിയമ്മയെ തലയ്ക്കടിച്ചുകൊന്ന യുവതിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.തിരുനെല്‍വേലിയിലെ തുളുക്കര്‍കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്‍മുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ് വീട്ടിനുള്ളില്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിയേറ്റ് മരിച്ചത്. ഉറങ്ങി കിടന്നപ്പോളാണ് കൊലപാതകം.
സീതാരാമലക്ഷ്മിയുടെ മകന്‍ രാമസ്വാമിയുടെ ഭാര്യ മഹാലക്ഷ്മി(27)യാണ് അറസ്റ്റിലായത്.മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അമ്മായിയമ്മയെ മര്‍ദിച്ച ശേഷം മരുമകള്‍ അവരുടെ സ്വര്‍ണ്ണ ചെയിന്‍ തട്ടിയെടുത്തു. ഗുരുതരമായി പരിക്കേറ്റ വയോധിക ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
വീട്ടിലെത്തിയ മോഷ്ടാക്കളാണ് കൊല നടത്തിയത് എന്നാണ് ആദ്യം കരുതിയിരുന്നത്. ട്രാക്ക് സ്യൂട്ടും ഹെല്‍മെറ്റും ധരിച്ച ഒരാള്‍ വീട്ടില്‍വരുന്നത് വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോലീസ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അത് മഹാലക്ഷ്മിയാണെന്നു തിരിച്ചറിഞ്ഞത്.പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സീതാരാമലക്ഷ്മി മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ മഹാലക്ഷ്മിക്കെതിരെ കൊലക്കുറ്റവും ചുമത്തി.
കൊല്ലപ്പെട്ടയാളുടെ മകന്‍ രാമസാമിയെ മഹാലക്ഷ്മി വിവാഹം കഴിച്ചത് മുതല്‍ അമ്മായിയമ്മയുമായി വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ഷണ്‍മുഖവേല്‍ മകന് തൊട്ടടുത്തുതന്നെ വേറെ വീടുവെച്ചുകൊടുത്തു. മകനും മരുമകളും രണ്ടുമക്കളും അവിടെയായിരുന്നു താമസം. മഹാലക്ഷ്മിയും സീതാരാമലക്ഷ്മിയും തമ്മില്‍ കഴിഞ്ഞമാസം വഴക്കുണ്ടായി. അയല്‍വാസികള്‍ക്കു മുന്നില്‍വെച്ച് സീതാരാമലക്ഷ്മി തന്നെ അപമാനിച്ചത് മഹാലക്ഷ്മിക്ക് സഹിച്ചില്ല. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha