മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറ് വർഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ്.സി. ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയം ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ ഉന്നയിക്കാൻ ബെഞ്ച് നിർദേശിച്ചു.
ഫാത്തിമ എന്ന സ്ത്രീയ്ക്കുവേണ്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോൻധാലെ ആണ് മോദിയെ വിലക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിദ്വേഷ പ്രസംഗം നടത്തിയതിന് ജനപ്രാതിനിധ്യ നിയമപ്രകാരം ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഒരു മത വിഭാഗത്തെ അധിക്ഷേപിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതാണ് ഹർജി തള്ളാൻ കാരണമായി കോടതി പറഞ്ഞത്. ആർട്ടിക്കിൾ 32/226 പ്രകാരം ഇത്തരത്തിൽ കോടതിയെ സമീപിക്കരുതെന്നും അധികാര കേന്ദ്രത്തെ സമീപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി പിൻവലിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അനുവദിക്കാം എന്നും വ്യക്തമാക്കി. ഇതോടെ അഭിഭാഷകൻ ഹർജി പിൻവലിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച മറ്റൊരു ഹർജിയും സുപ്രീം കോടതി തളളിയിരുന്നു.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു ഹർജിയും സുപ്രീം കോടതി തള്ളി. ഇതേ ബെഞ്ച് തന്നെയാണ് ഈ ഹർജിയും തള്ളിയത്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.40നാണ് മോദി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബ്രാഹ്‌മണ ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പമെത്തിയാണ് മോദി പത്രിക നൽകിയത്.
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് നേതൃത്വം നൽകിയ ഗണേശ്വർ ശാസ്ത്രിയും പ്രധാനമന്ത്രിക്കൊപ്പം പത്രിക സമർപ്പണത്തിന് എത്തിയിരുന്നു. കൂടാതെ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാക്കളെയാണ് മോദി ഒപ്പം കൂട്ടിയത്. വാരാണസിയിലെ ദളിത് പിന്തുണ ഉറപ്പാക്കുകയാണ് മോദി ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക നൽകാൻ എത്തിയത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇന്നലെ മണ്ഡലത്തിലെത്തിയ മോദി അഞ്ചു കിലോമീറ്റർ റോഡ് ഷോ നടത്തി. മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിങ്ങുമുണ്ടായിരുന്നു.
2014ലാണ് മോദി ആദ്യമായി വാരാണസിയിൽ മത്സരിക്കുന്നത്. വാരാണസി കൂടാതെ വഡോദരയിലും മത്സരിച്ച് വിജയിച്ച മോദി വാരാണസി നിലനിർത്തി. 2019ൽ വാരാണസിയിൽ മാത്രം മത്സരിച്ച മോദി 674664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനും വാരാണസിയിൽ നിന്നുള്ള നേതാവുമായ അജയ് റായിയാണ് മോദിയുടെ എതിരാളി. ജൂൺ ഒന്നിനാണ് ഇവിടെ വോട്ടെടുപ്പ്.
https://www.facebook.com/Malayalivartha























