കോൺഗ്രസ്-ബി.ജെ.പി പോര് പുതിയ തലത്തിലെത്തി...രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 ...ഇനിമുതൽ ഭരണഘടനഹത്യാ ദിനം...പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ...

ഇതോടെ ഭരണഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസ്-ബി.ജെ.പി പോര് പുതിയ തലത്തിലെത്തി.രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 ഇനിമുതൽ ഭരണഘടനഹത്യാ ദിനം (സംവിധാൻ ഹത്യാ ദിവസ്) ആയി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു.1975 ജൂൺ 25 ന് നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ചവരുടെ മഹത്തായ ത്യാഗത്തെ അനുസ്മരിക്കാൻ വേണ്ടിയാണെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചു.
ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യപരമായി രാഷ്ട്രത്തിനുമേൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച് ജനാധിപത്യത്തിന്റെ ആത്മാവിനെ ഞെരുക്കിയതിന്റെ ഓർമ്മ ദിവസമാണത്. ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് ആളുകൾ ജയിലിലായി. മാദ്ധ്യമങ്ങളെ നിശബ്ദമാക്കി-അമിത് ഷാ പറഞ്ഞു.1975 ജൂൺ 25നായിരുന്നു ഇന്ദിരാഗാന്ധി നയിക്കുന്ന കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. അധികാര ദുർവിനിയോഗത്തെ ചോദ്യം ചെയ്ത ജനങ്ങൾ നിരവധി അതിക്രമങ്ങൾക്ക് ഇരയായി. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസമായ ജൂൺ 25 സംവിധാൻ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായും ഇത്തരം അധികാര ദുർവിനിയോഗത്തെ ഒരുതരത്തിലും പിന്തുണയ്‌ക്കില്ലെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പൗരന്മാരെ അറിയിക്കുന്നതായും അമിത് ഷാ കുറിച്ചു.
അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർക്ക് ഭരണഘടനയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അവകാശമില്ലെന്ന് ജൂൺ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ലോക്‌സഭയ്ക്കുള്ളിൽ ഭരണഘടനയുടെ പകർപ്പ് കാണിച്ച് പ്രതിപക്ഷം പ്രതിഷേധം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമായിരുന്നു അടിയന്തരാവസ്ഥയെന്നും നരേന്ദ്ര മോദി വിശേഷിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























