15 വിമാനങ്ങൾ വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറന്നു; ചെന്നൈയിൽ കനത്ത മഴ...

ചെന്നൈയിൽ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ഇത് വിമാന സർവീസുകളെയും ബാധിച്ചു. ഇതേ തുടർന്ന് വിമാന സർവീസുകൾ താളം തെറ്റി. ചെന്നൈയിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇവിടെ നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങള്‍ വൈകുകയാണ്. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്. 15 വിമാനങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാതെ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. ഇനിയും ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ ഈ വിമാനങ്ങളും സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടേക്കും.
അടുത്ത 7 ദിവസത്തേക്ക് ചെന്നൈയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് നഗരത്തിലടക്കം മഴയെത്തിച്ചത്. തെക്കൻ തീരപ്രദേശങ്ങളിൽ ശക്തിയായ കാറ്റടിക്കാനും സാധ്യതയുണ്ട്. ഈ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച വൈകുന്നേരം നഗരത്തിൻ്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ചില പ്രദേശങ്ങളിൽ ഇടിമിന്നലോടും മിന്നലോടും കൂടിയ തീവ്രതയുള്ള മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ട്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ ടി നഗർ, അമിഞ്ഞിക്കരൈ, അരുമ്പാക്കം, കോയമ്പേട്, വിരുഗമ്പാക്കം, നന്ദനം തുടങ്ങിയ പ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കാറ്റിനൊപ്പം ശക്തമായ മഴയും ലഭിച്ചു.
https://www.facebook.com/Malayalivartha
























