യോഗി ആദിത്യനാഥ് രാജിക്കൊരുങ്ങുന്നു; ബിജെപി പിളര്‍പ്പില്‍...

യോഗി ആതിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്തേക്ക്. ലോക് സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും പാര്‍ട്ടിയിലെ ഭിന്നതയും ബിജെപിയെ ഞെട്ടിച്ച സാഹചര്യത്തിലാണ് യോഗിയെ മുഖ്യമന്ത്രി പദവിയില്‍നിന്ന് ഒഴിവാക്കുന്നത്. ജെ.പി. നദ്ദ വിരമിക്കുന്ന ഒഴിവില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷ പദവിയിലേക്ക് നരേന്ദ്ര മോദി പരിഗണിച്ചിരുന്നത് യോഗി ആതിദ്യനാഥിനെയാണ്. നിലവില്‍ യോഗിയെ ബിജെപി അധ്യക്ഷനായി നിയമിക്കേണ്ടെന്ന തീരുമാനവും ബിജെപി എടുത്തുകഴിഞ്ഞു.
ഇന്ത്യയുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 70 സീറ്റുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പിടിക്കുമെന്ന പ്രതീക്ഷകള്‍ തകര്‍ന്നടിയുക മാത്രമല്ല യുപിയിലെ വാരണാസിയില്‍ നരേന്ദ്ര മോദി കഷ്ടിച്ചു രക്ഷപ്പെടുന്ന സാഹചര്യവും പാര്‍ട്ടി നേതൃത്വത്തെ അതിശയിപ്പിക്കുകയാണ്. മാത്രവുമല്ല അമേഠിയില്‍ ബിജെപിയുടെ അപ്രതീക്ഷിതതോല്‍വിയും റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ മിന്നുന്ന ജയവും ബിജെപിക്ക് വലിയ തിരിച്ചടിയായി.
ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ യോഗി ആദിത്യനാഥിനോട് വിയോജിപ്പുള്ള ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് തോല്‍വിക്കു കാരണം യോഗിയുടെ പിടിപ്പുകേടാണെന്ന് പ്രസ്താവിച്ചത്. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയെ കേശവ് പ്രസാദ് കണ്ടത് നേതൃമാറ്റത്തിന് ആക്കം കൂട്ടിയിരിക്കുന്നു.
മുഖ്യമന്ത്രി യോഗിയുടെയും ബിജെപി അധ്യക്ഷന്‍ നഡ്ഡയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് അവലോകനയോഗത്തിനിടെയായിരുന്നു സര്‍ക്കാരിനെക്കാള്‍ വലുത് സംഘടനയാണെന്ന് മൗര്യ തുറന്നടിച്ചത്. മൗര്യക്കു പിന്നാലെ ബി.ജെ.പി. ഉത്തര്‍ പ്രദേശ് അധ്യക്ഷന്‍ ഭൂപേന്ദ്രസിങ് ചൗധരിയും നദ്ദയുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബുധനാഴ്ച ഭൂപേന്ദ്ര സിംഗ് ചൗധരി സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ യാതൊരു അഭിപ്രായ ഐക്യവുമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പരാതിപ്പെട്ടത്.
അടുത്തു വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി വന്‍ പരാജയം നേരിടേണ്ടിവരുമെന്നതാണ് നിലവിലെ സാഹചര്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുളളത്. 40,000 പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യു.പി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.
ഒന്നുകില്‍ മുഖ്യമന്ത്രി പദത്തില്‍നിന്ന് യോഗി ആദിത്യനാഥിനെ മാറ്റുകയോ അതല്ലെങ്കില്‍ പാര്‍ട്ടി ദേശീയാധ്യക്ഷ പദവി തനിക്കു നല്‍കുകയോ ടെയ്യണമെന്നാണ് കേശവ് പ്രസാദ് ആവശ്യപ്പെടുന്നത്. പാര്‍ട്ടി ശക്തികേന്ദ്രമായ ഉത്തര്‍പ്രദേശില്‍ നേരിട്ട പരാജയത്തിനു കാരണം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന ശൈലിയാണെന്ന സംസ്ഥാനഘടകത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു വൈകാതെ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്കു തിരിച്ചടിയുണ്ടായാല്‍ ആ നിമിഷം യോഗിയെ മുഖ്യമന്ത്രി പദവിയില്‍നിന്ന് മാറ്റാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായിത്തീരും.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപി സംസ്ഥാനത്തു നേരിട്ടത്. 2019ലെ തെരഞ്ഞെടുപ്പില്‍ 80ല്‍ 62 സീറ്റുകള്‍ സ്വന്തമാക്കിയ ബിജെപി 33 ലേക്ക് ചുരുങ്ങിയത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നായിരുന്നു യോഗി വിശദീകരിച്ചത്. ഇന്ത്യാ മുന്നണിയെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും യോഗി പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. ഇതോടെയാണ് പാര്‍ട്ടിയിലെ ഉള്‍ക്കലഹം മറനീക്കി പുറത്തു വന്നത്.
10 സീറ്റുകളില്‍ വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണു ബിജെപിയുടെ പ്രഥമ പരിഗണന. 2027 ല്‍ യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയാണു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം പരിഗണിക്കുന്നത്. ജാട്ട് സമുദായത്തില്‍ നിന്നുള്ളയാളാണു നിലവിലെ സംസ്ഥാന അധ്യക്ഷനായ ഭൂപേന്ദര്‍ ചൗധരി. ഒബിസി നേതാവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു കൊണ്ടുവന്നു നിലവിലുള്ള ചേരിതിരിവ് അവസാനിപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം.
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ 33 സീറ്റിലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. 2019ല്‍ 62 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസ്- എസ്പി നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം 43 സീറ്റുമായി വന്‍ മുന്നേറ്റമാണ് നടത്തിയത്.
https://www.facebook.com/Malayalivartha

























