ന്യൂഡല്‍ഹി: ഭരണനേതൃത്വങ്ങള്‍ മുമ്പ് പത്രമാധ്യമങ്ങളെയും ചാനലുകളെയുമാണ് ഭയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് സ്ഥിതിമാറി, മുഖ്യധാരാ മാധ്യമങ്ങളെയെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാക്കി കഴിഞ്ഞു. ഈ സമയത്താണ് യാഥാര്‍ത്ഥ്യങ്ങളുമായി യുട്യൂബ് ചാനലുകളും വ്‌ളോഗര്‍മാരും ഇന്‍സ്റ്റഗ്രാം മാധ്യമപ്രവര്‍ത്തകരും അവതരിച്ചത്. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖ മാധ്യമങ്ങളെല്ലാം ഭരണകൂടത്തിനൊപ്പം നിന്നപ്പോള്‍, ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിച്ചത് സമാന്തരമാധ്യമങ്ങളായിരുന്നു. ധ്രുവ് റാഠി, രവീഷ്‌കുമാര്‍, പ്രബീര്‍ പുര്‍കായസ്ത തുടങ്ങിയ യുട്യൂബര്‍മാര്‍ താഴേത്തട്ടിലിറങ്ങി വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന് വലിയ തലവേദനയാണ് ഇവര്‍ സൃഷ്ടിച്ചത്. മൂന്നാമൂഴം ലഭിച്ച എന്‍ഡിഎ സര്‍ക്കാര്‍ ഇവര്‍ക്ക് മൂക്ക് കയറിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. 2024ലെ നിര്‍ദ്ദിഷ്ട ബ്രോഡ്കാസ്റ്റിംഗ് റേഗുലേഷന്‍ ബില്ലിന്റെ ഏറ്റവും പുതിയ പതിപ്പില്‍ നൂറ് കണക്കിന് നൂലാമാലകളാണുള്ളത്. യൂട്യൂബര്‍മാരും ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റികളും വ്‌ളോഗര്‍മാരും വിവര പ്രക്ഷേപണ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുകയും വേണം. ബ്രോഡ്കാസ്റ്റിംഗ് നിയമത്തിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ ഡിജിറ്റല്‍ മീഡിയയിലൂടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവരുടെ വായ്മൂടിക്കെട്ടാന്‍ 'ലൈസന്‍സ് രാജ്' അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുന്നെന്ന് ഭരണനേതൃത്വത്തിന് ബോധ്യം വന്നതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു. പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് ഭീമന്മാര്‍ വാങ്ങിക്കഴിഞ്ഞു. അവരെല്ലാം ഭരണനേതൃത്വത്തിന് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് സര്‍ക്കാരിന് ഭീഷണിയായ യൂട്യൂബര്‍മാരെയും ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളെയും വരച്ചവരയില്‍ നിര്‍ത്താന്‍ പുതിയ ബില്‍ ആയുധമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് ഉള്ളടക്കം ഭരണകക്ഷിയുടെ പ്രതീക്ഷകളെ അട്ടിമറിച്ചെന്ന് എല്ലാവര്‍ക്കും അറിയാം. 70 ലക്ഷത്തിനടുത്ത് വരിക്കാരുള്ള യൂട്യൂബ് ചാനല്‍ മാധ്യമപ്രവര്‍ത്തകന് യുപിയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണുള്ളത്. ബ്രോഡ്കാസ്റ്റിംഗ് ബില്ലിലെ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതിന് മുമ്പുതന്നെ, സോഷ്യല്‍ മീഡിയയില്‍ സ്വാധീനശക്തിയുള്ളവരുടെ ഉള്ളടക്കത്തെ ഭരണനേതൃത്വം ഭയപ്പെട്ടിരുന്നെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലവിലുള്ള ഭരണകൂട ഭീകരതയാല്‍ നിശബ്ദരായി കഴിയുന്ന വോട്ടര്‍മാരെ സ്വാധീനിക്കാനും ഇവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ട് തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ പുറംലോകം അറിയാതിരിക്കാനാണ് ഇത്തരത്തിലൊരു ബില്‍ കൊണ്ടുവരുന്നതെന്ന് ഈ രംഗത്തുള്ളവര്‍ ആരോപിക്കുന്നു.ബ്രോഡ്കാസ്റ്റിംഗ് ബില്ലിന്റെ സ്വാധീനം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങില്ലെന്ന് ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഇത് തങ്ങളെയാകെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുപോകുമെന്ന് ഇവര്‍ ഭയക്കുന്നു. പലരും ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് പൊളിറ്റിക്കല്‍ സറ്റയര്‍ പരിപാടികള്‍ നടത്തുന്നത്. അത് വെളിപ്പെടുത്തിയാല്‍ ആര്‍ക്കും ഇവരെ കണ്ടെത്താം. പുതിയ ബില്‍ ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യതയെയും സുരക്ഷയെയും ഹനിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ ഭയപ്പെടുന്നു. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പേരും വിലാസവും ഫോണ്‍ നമ്പറും നല്‍കേണ്ടിവരും. വനിതാ മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ ഓണ്‍ലൈനില്‍ ബലാത്സംഗ ഭീഷണികള്‍ വരെ ഉണ്ടാവും. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഉള്ളടക്കം സൃഷ്ടിക്കാന്‍ കഴിയും എന്നതാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ഫോണ്‍ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാം, സ്വന്തമായി വീഡിയോകള്‍ എഡിറ്റ് ചെയ്യാം. വീടിന്റെ മുറിയുടെ ഭിത്തിയില്‍ പച്ച ചായം പൂശിയാല്‍ അത് ഗ്രീന്‍ സ്‌ക്രീനായി ഉപയോഗിക്കാം, കാര്യങ്ങള്‍ വളരെ ലളിതമാണ്. വാര്‍ത്താ ചാനലുകള്‍ ദിവസവും അന്തിചര്‍ച്ചയില്‍ പ്രചരിപ്പിക്കുന്ന വിദ്വേഷങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും ബദല്‍ സൃഷ്ടിക്കുകയാണ് ഡിജിറ്റല്‍ മീഡിയ ചെയ്യുന്നത്. അത് ഇല്ലാതാക്കാന്‍ ഭരണകൂടം ആഗ്രഹിക്കുന്നു.ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാനല്ല സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നത്, പകരം ഉള്ളടക്കങ്ങളിലടക്കം മേല്‍നോട്ടം വഹിക്കുന്നതിനാണ്. ഏത് തരം ഉള്ളടക്കമാണ് അവര്‍ നിയന്ത്രിക്കുന്നത് എന്നതല്ല, എന്തിനെയാണ് അവര്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ഭയക്കേണ്ടതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഉള്ളടക്കം സൃഷ്ടിക്കുന്നവരെ എതിര്‍ക്കുന്നില്ല എന്നത് വ്യക്തമാണ്. അവരുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ അവരതിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ്, 23 ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ക്ക് പ്രഥമ ദേശീയ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് പ്രധാനമന്ത്രി സമ്മാനിച്ചു. ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടില്‍ പ്രവര്‍ത്തിക്കുന്ന ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.കരട് ബില്ലിന്റെ ഔദ്യോഗിക പതിപ്പ് ഇപ്പോഴും ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ വെബ്‌സൈറ്റില്‍ ലഭ്യമല്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിശദാംശങ്ങളുടെ ചോര്‍ച്ച തടയുന്നതിന് വാട്ടര്‍മാര്‍ക്ക് ചെയ്ത കോപ്പി കുറച്ച് ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തകര്‍ക്ക് നല്‍കി. അതെല്ലാം സര്‍ക്കാരിന് വേണ്ടപ്പെട്ടവരാണ്. വിമര്‍ശകര്‍ക്ക് കൈമാറിയിട്ടില്ല. ഈ രഹസ്യാത്മകത ആശങ്കയ്ക്ക് ഇടയാക്കുന്നെന്ന് പലരും പറയുന്നു. 'അന്ധേരി വെസ്റ്റ് ഷിറ്റ്‌പോസ്റ്റിംഗ്' എന്ന തന്റെ അക്കൗണ്ടിന്റെ പേര് തന്നെ മാറ്റേണ്ടിവരുമെന്ന് ബല്‍റാം വിശ്വകര്‍മ്മ എന്ന യൂട്യൂബര്‍ ഭയപ്പെടുന്നു. മുംബൈ നഗരത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി നര്‍മ്മ വീഡിയോകളാണ് ഇയാള്‍ പോസ്റ്റ് ചെയ്യുന്നത്. 'ഷിറ്റ്' എന്ന വാക്ക് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. പാസഞ്ചര്‍ ട്രെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇയാള്‍ റീലുകള്‍ ഉണ്ടാക്കാറുണ്ട്. യാത്രക്കാരിലൊരാള്‍ സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ വിമര്‍ശനം നടത്തിയാല്‍, അതിന് യൂട്യൂബര്‍ ശിക്ഷിക്കപ്പെടണോ? എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മുംബൈയിലെ ഒരു ചേരിയിലാണ് ഇയാള്‍ വളര്‍ന്നതെന്നും പൗരപ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കിയതും. ജീവിതാനുഭവങ്ങള്‍ തുറന്നുകാട്ടാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയാണ്. ഇത്തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ കേന്ദ്രസര്‍ക്കാരിനെ വരെ വിമര്‍ശിക്കുകയും അവരുടെ നിലപാടുകള്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്യാന്‍ ഡിജിറ്റല്‍ മീഡിയയ്ക്ക് കഴിയും. അതുകൊണ്ട് അവരെ വരച്ചവരയില്‍ നിര്‍ത്താനാണ് പുതിയ ബില്ലുമായി സര്‍ക്കാര്‍ അവതരിച്ചിരിക്കുന്നത്.