നവവരന് നേരെ ആസിഡ് ആക്രമണം നടത്തി ഭാര്യാപിതാവ്

നവവരന് നേരെ ആസിഡ് ആക്രമണം നടത്തി ഭാര്യാപിതാവ്. ഹണിമൂണ്‍ ആഘോഷിക്കാന്‍ പോവുന്ന സ്ഥലത്തേച്ചൊല്ലിയുള്ള തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അടുത്തിടെയാണ് താനെ സ്വദേശിയായ 29കാരന്‍ ഇബാദ് അതിക് ഫാല്‍കെ വിവാഹിതനായത്. വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് യുവാവ് ഹണിമൂണ്‍ പ്ലാനായി വിശദമാക്കിയത്. എന്നാല്‍ വിദേശത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണ് ഭാര്യാ പിതാവ് നവവരന്റെ മേല്‍ ആസിഡ് ഒഴിച്ചത്.
മുഖത്തും ദേഹത്തും പരിക്കേറ്റ 29കാരന്‍ ചികിത്സയില്‍ കഴിയുകയാണ്. 65കാരനായ ഭാര്യാ പിതാവ് ജാകി ഗുലാം മുര്‍താസ് ഖോടാല്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയതായാണ് ബസാര്‍പേട്ട് പൊലീസ് വിശദമാക്കുന്നത്. വിദേശത്തുള്ള തീര്‍ത്ഥാടന കേന്ദ്രം ദമ്പതികള്‍ ആദ്യം സന്ദര്‍ശിക്കണമെന്ന് ഭാര്യാ പിതാവ് നിര്‍ബന്ധം പിടിച്ചതോടെയാണ് നവവരനും ഭാര്യാപിതാവും വാക്കേറ്റമുണ്ടായത്.
ബുധനാഴ്ച നവവരന്‍ പുറത്ത് നിന്ന് വരുന്നത് കാത്തിരുന്ന ഭാര്യാ പിതാവ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. യുവാവ് കാര്‍ പാര്‍ക്ക് ചെയ്ത് നടന്ന് വരുമ്പോഴായിരുന്നു ആക്രമണം. ബോട്ടിലില്‍ കരുതിയ ആസിഡ് 65കാരന്‍ യുവാവിന് മേല്‍ ഒഴിക്കുകയായിരുന്നു. മകളുമായുള്ള യുവാവിന്റെ വിവാഹ ബന്ധം അവസാനിപ്പിക്കണമെന്ന താല്‍പര്യത്തോടെയായിരുന്നു നടപടിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആസിഡ് ആക്രമണത്തിനും തടഞ്ഞ് വയ്ക്കലിനുമാണ് ഭാര്യാപിതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























