തമിഴ്നാട്ടില്‍ കോടതിക്കു മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഏഴംഗസംഘം

തമിഴ്നാട്ടില്‍ കോടതിക്കു മുന്നില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഏഴംഗസംഘം. തിരുനെല്‍വേലി ജില്ലാ കോടതിക്കു മുന്നില്‍ വച്ചാണ് ആളുകള്‍ നോക്കിനില്‍ക്കെ ഏഴംഗസംഘം മായാണ്ടി (38) എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ തിരുനെല്‍വേലി സിറ്റി പൊലീസ് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്നു കരുതുന്ന വെട്ടുകത്തി, പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എന്നിവയും പൊലീസ് കണ്ടെത്തി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. തിരുനെല്‍വേലി കീലാനത്തം സ്വദേശിയാണു മായാണ്ടി. ഇയാള്‍ രാജാമണി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാനാണു മായാണ്ടി ജില്ലാ കോടതിയില്‍ എത്തിയത്. എന്നാല്‍ കോടതിയിലേക്ക് കയറുന്നതിനു തൊട്ടുമുന്‍പ് കാറിലെത്തിയ ഏഴംഗ സംഘം ഇയാളെ വെട്ടിവീഴ്ത്തുകായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മായാണ്ടിയെ പിന്തുടര്‍ന്നെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. കോടതിക്കു മുന്നില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.
മായാണ്ടിയുടെ നിലിവളി കേട്ടു കോടതിക്കുള്ളില്‍നിന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് എഎസ്‌ഐ ഉയ്ക്കാട്ടന്‍ ഇവരുടെ കാര്‍ പിന്തുടര്‍ന്നു. വൈകാതെ പ്രതികളിലൊരാളെ പിടികൂടി. ഇയാളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു മൂന്നു പേരെയും പിടികൂടിയത്. സംഭവസ്ഥലം സന്ദര്‍ശിച്ച തിരുനെല്‍വേലി സിറ്റി പൊലീസ് കമ്മിഷണര്‍ രൂപേഷ് കുമാര്‍ മീണ രക്ഷപ്പെട്ട മറ്റു പ്രതികളെ പിടികൂടാന്‍ മൂന്നു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
പട്ടാപകല്‍ കോടതിക്കു മുന്നിലുണ്ടായ കൊലപാതകത്തില്‍ അഭിഭാഷകരും കോടതി ജീവനക്കാരും പ്രതിഷേധിച്ചു. കോടതിക്കു മുന്നില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. രാജാമണി കൊലക്കേസിനുള്ള പ്രതികാരമാണോ മായാണ്ടിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























