ക്രിക്കറ്റ് താരം ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. ബംഗാളിലെ പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍വച്ചാണ് ഗാംഗുലിക്കൊപ്പം അകമ്പടിയായി പോയ വാഹനം അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച ദുര്‍ഗാപൂര്‍ എക്‌സ്പ്രസ് വേയിലെ യാത്രയ്ക്കിടെ ഗാംഗുലിയുടെ കാറിനെ ലോറി മറികടക്കാന്‍ ശ്രമിക്കുകയായിരുന്നെന്നു പൊലീസ് പ്രതികരിച്ചു.
ഗാംഗുലി സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ലോറിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ 'സഡന്‍ ബ്രേക്ക്' ഇടുകയായിരുന്നു. ഇതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ ഗാംഗുലിയുടെ കാറില്‍ ഇടിച്ചു. രണ്ടു കാറുകള്‍ക്കു തകരാറുകള്‍ സംഭവിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബര്‍ധ്‌വാന്‍ സര്‍വകലാശാലയില്‍ ഒരു പരിപാടിക്കു പോകുന്നതിനിടെയാണ് അപകടമെന്നു പൊലീസ് അറിയിച്ചു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ 'ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്' ആയി പ്രവര്‍ത്തിച്ച ഗാംഗുലി കഴിഞ്ഞ സീസണോടെ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ ഐപിഎല്‍ മെഗാലേലത്തില്‍ ഡല്‍ഹിയുടെ ഭാഗമാകാന്‍ ഗാംഗുലിയുമെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























