ബെംഗളൂരുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. റോഡ് നിര്‍മാണത്തെ കുറിച്ചുള്ള 'നമ്മ രാസ്ത-ഡിസൈന്‍ വര്‍ക്ക്ഷോപ്പ്' ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാന്‍ കഴിയില്ല. ദൈവത്തിനു പോലും അതു ചെയ്യാന്‍ കഴിയില്ല.
കൃത്യമായ ആസൂത്രണം നടത്തിയാല്‍ മാത്രമേ നടപ്പിലാക്കാന്‍ കഴിയൂവെന്നും' ശിവകുമാര്‍ പറഞ്ഞു. ശിവകുമാറിന്റെ പരാമര്‍ശം വിവാദമായതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവുകേടാണ് ശിവകുമാറിന്റെ പ്രസംഗത്തിലൂടെ വ്യക്തമായതെന്ന് ബിജെപി നേതാവ് മോഹന്‍ കൃഷ്ണ പറഞ്ഞു. മെട്രോ വിപുലീകരണം വൈകുന്നതും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് വിമര്‍ശനം ഉയരുന്നതിനിടെയാണ് ഡി.കെ. ശിവകുമാറിന്റെ വിവാദ പരാമര്‍ശം.
https://www.facebook.com/Malayalivartha


























