ഡാമിന് പിന്നില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 7 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

തെലങ്കാനയില്‍ ഏഴ് തൊഴിലാളികളെ കാണാതായതായി സംശയം. നിര്‍മാണ പ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകര്‍ന്നത്. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
തുരങ്കത്തില്‍ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും ഏഴോളം തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും പൊലീസിനെ ഉദ്ധരിച്ച് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.
നിര്‍മാണ പ്രവര്‍ത്തനത്തിനിടെ തുരങ്കത്തിന്റെ മുകള്‍ ഭാഗത്ത് നിന്നും മൂന്ന് മീറ്ററോളം ഇടിഞ്ഞ് വീണതായാണ് റിപ്പോര്‍ട്ടുകള്‍. ജില്ലാ കളക്ടര്‍, എസ്പി, ഫയര്‍ഫോഴ്സ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























