മദ്യനയം ഡല്‍ഹി സര്‍ക്കാരിന് 2,002.68 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോര്‍ട്ട്

മദ്യനയം ഡല്‍ഹി സര്‍ക്കാരിന് 2,002.68 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് മദ്യനയത്തില്‍ ആംആദ്മി സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ ബിജെപി സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്. നിയമസഭയിലെ വന്‍ പ്രതിപക്ഷ ബഹളത്തിനിടയിലാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത സിഎജി റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചത്. ലൈസന്‍സ് നല്‍കുന്ന പ്രക്രിയയില്‍ നിയമ ലംഘനങ്ങള്‍ നടന്നതായും നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
മദ്യശാലകള്‍ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. ലൈസന്‍സ് ഫീസ് ഇനത്തില്‍ എക്‌സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ലൈസന്‍സികള്‍ക്ക് ക്രമരഹിതമായ ഇളവുകള്‍ നല്‍കിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. സോണല്‍ ലൈസന്‍സികളില്‍ നിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് കൃത്യമായി ശേഖരിക്കാത്തത് 27 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നിലധികം ലൈസന്‍സുകള്‍ നല്‍കുന്നത് നിരോധിക്കുന്ന 2010 ലെ ഡല്‍ഹി എക്‌സൈസ് നിയമങ്ങളിലെ ചട്ടം 35 ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ കെജ്രിവാള്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. എക്‌സൈസ് നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച ആവശ്യകതകള്‍ പരിശോധിക്കാതെ ലെസന്‍സുകള്‍ നല്‍കി തുടങ്ങിയ ?ഗുരുതര ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ മുഖ്യമന്ത്രിയും എഎപി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് തുടങ്ങി എഎപിയുടെ മുന്‍ നിര നേതാക്കളുടെ അറസ്റ്റിലേക്ക് നയിച്ച മദ്യനയ കുംഭകോണം എഎപിക്ക് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ എഎപിയുടെ പ്രമുഖനേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് വീണ്ടും ബിജെപി അധികാരത്തിലെത്തി.
https://www.facebook.com/Malayalivartha


























