യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഗംഗയില്‍ ഒഴുക്കാന്‍ ശ്രമം

യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഗംഗയില്‍ ഒഴുക്കാന്‍ ശ്രമം. സംഭവത്തില്‍ അമ്മയും മകളും അറസ്റ്റില്‍. ഭര്‍തൃപിതാവിന്റെ സഹോദരിയെയാണ് അമ്മയും മകളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കിയത്. ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ അഹിരിതോളയിലാണ് സംഭവം. തര്‍ക്കത്തെ തുടര്‍ന്നാണ് ഫാല്‍ഗുനി ഭര്‍തൃപിതാവിന്റെ സഹോദരിയായ സുമിത ഘോഷിനെ (55) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നോര്‍ത്ത് പോര്‍ട്ട് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ്, ബരാസത് പൊലീസിന് കൈമാറി.
കൊല്‍ക്കത്തയിലെ കുമാര്‍തുലിയിലെ ഗംഗാ ഘാട്ടില്‍ നീല ട്രോളി ബാഗുമായി രാവിലെ എട്ടുമണിയോടെ സംശയാസ്പദ സാഹചര്യത്തില്‍ ഇവരെ കണ്ട പ്രദേശവാസികള്‍ ഇരുവരെയും ചോദ്യം ചെയ്തു. ആദ്യമൊന്നും ബാഗ് തുറക്കാന്‍ അവര്‍ തയാറായില്ല. പിന്നീടു വളര്‍ത്തുനായയുടെ മൃതദേഹം ഒഴുക്കാന്‍ വന്നതാണെന്നായിരുന്നു മറുപടി നല്‍കിയത്. ഇതില്‍ സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ട്രോളി പരിശോധിച്ചപ്പോഴാണ് രക്തം പുരണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്കു മാറ്റി.
''അസമിലെ ജോര്‍ഹത് സ്വദേശിയായ സുമിത ഘോഷ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഫെബ്രുവരി 11 മുതല്‍ സുമിത ഫാല്‍ഗുനിക്കും അമ്മയ്ക്കുമൊപ്പം കൊല്‍ക്കത്തയിലാണു താമസിച്ചുവന്നിരുന്നത്. ഫാല്‍ഗുനിയും ഭര്‍ത്താവും പിരിഞ്ഞാണ് താമസം. തിങ്കളാഴ്ച വൈകുന്നേരം നാലിന് സുമിതയും ഫാല്‍ഗുനിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും സുമിതയെ ഫാല്‍ഗുനി ശക്തമായി തള്ളിയിടുകയും ചെയ്തു. ഭിത്തിയില്‍ ചെന്ന് ഇടിച്ചതിനുപിന്നാലെ ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തിരിച്ചുവന്നപ്പോള്‍ വീണ്ടും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. ഫാല്‍ഗുനി ഇഷ്ടിക കൊണ്ടു സുമിതയുടെ മുഖത്തും കഴുത്തിലും അടിച്ചു. ഇതാണ് മരണത്തില്‍ കലാശിച്ചത്' - പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























