സോഷ്യല്‍ മീഡിയ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

സോഷ്യല്‍ മീഡിയ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഹാസ്യനടന്‍ സമയ് റെയ്നയും രണ്‍വീര്‍ അല്ലാബാദിയയും ഉള്‍പ്പെട്ട ലൈംഗിക പരാമര്‍ശങ്ങള്‍ സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീകോടതിയുടെ നിര്‍ദേശം.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍ കോടീശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. 'നര്‍മ്മം കുടുംബത്തിന് മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. അതേസമയം,അദ്ദേഹത്തിന്റെ നര്‍മ്മത്തിന്റെ ഗുണനിലവാരം നോക്കൂ.. ആര്‍ക്കും നാണക്കേടുണ്ടാക്കുന്നത് ആയിരിക്കരുത് നര്‍മ്മം. മോശം ഭാഷ ഉപയോഗിക്കുന്നത് ഒരു കഴിവായി കാണരുത്- രണ്‍വീറിന്റെ കേസ് പരിഗണിക്കവേ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
പൂര്‍ണമായ സെന്‍സര്‍ഷിപ് അല്ല വേണ്ടത്, മറിച്ച് യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ സംപ്രേഷണം ചെയ്യുന്ന കണ്ടന്റുകളില്‍ പരിമിതമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ചിരിപ്പിക്കാന്‍ നിങ്ങള്‍ അശ്ലീലത ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു നല്ല ഹാസ്യനടനല്ല- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ദി രണ്‍വീര്‍ ഷോ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കമമെന്ന് കാണിച്ച് യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയ പരിപാടികളുടെ ഉള്ളടക്കത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും അതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ബെഞ്ച് ആവശ്യപ്പെട്ടത്. അതേസമയം, മാന്യതയുടെയും ധാര്‍മ്മികതയുടെയും മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്‍ബീര്‍ അലബാദിയക്ക് പോഡ്കാസ്റ്റ് തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha



























