ഹരിയാനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊലപ്പെടുത്തിയത് സുഹൃത്തെന്ന് പൊലീസ്

ഹരിയാനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കെയ്‌സിനുള്ളിലാക്കി ഉപേക്ഷിച്ചത് സുഹൃത്ത് സച്ചിനെന്ന് പൊലീസ്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് ഹിമാനിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഹിമാനിയും സച്ചിനും ഒന്നര വര്‍ഷമായി സുഹൃത്തുക്കളാണ്. സച്ചിന്റെ കൈയില്‍ പോറലുകളും കടിച്ച പാടും ഉണ്ട്.
ആക്രമണം ചെറുക്കാനുള്ള ഹിമാനിയുടെ ശ്രമത്തിനിടെ ഇയാളുടെ കൈയില്‍ കടിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കുമെന്ന് കുടുംബം വ്യക്തമാക്കി. മകളുടെ കൊലയാളിയെ പിടികൂടുന്നതു വരെ മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കുടുംബം അറിയിച്ചിരുന്നു. മാര്‍ച്ച് ഒന്നിനാണ് റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസിനുള്ളില്‍നിന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.
'ഝജ്ജര്‍ ജില്ലയില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്ന സച്ചിന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇയാള്‍ ഇടയ്ക്കിടെ ഹിമാനി തനിച്ചു കഴിഞ്ഞിരുന്ന റോഹ്തക് വിജയ് നഗറിലെ വീട്ടിലെത്താറുണ്ടായിരുന്നു. ഫെബ്രുവരി 27ന് രാത്രി 9 മണിയോടെ ഹിമാനിയുടെ വീട്ടിലെത്തിയ ഇയാള്‍ അന്നു രാത്രി അവിടെ കഴിഞ്ഞു. പിറ്റേ ദിവസം ഹിമാനിയും സച്ചിനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇതേത്തുടര്‍ന്ന് ഹിമാനിയെ തുണി കൊണ്ട് കെട്ടിയിട്ട ശേഷം ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം ഹിമാനിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും ലാപ്‌ടോപും മൊബൈല്‍ ഫോണും ഇയാള്‍ മോഷ്ടിച്ചു. പിന്നീട് മൃതദേഹം സ്യൂട്ട്‌കെയ്‌സിനുള്ളിലാക്കി രാത്രി പത്തുമണിക്കുശേഷം ഓട്ടോയില്‍ സാംപ്ലയിലെ ബസ് സ്റ്റോപ്പിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.'-റോഹ്തക് റെയ്ഞ്ച് എഡിജിപി കൃഷന്‍ കുമാര്‍ റാവു പറഞ്ഞു. സാമ്പത്തിക വിഷയത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്ന അനുമാനത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha



























