ബുട്ടീക്കില്‍നിന്ന് രണ്ടുകോടിയുടെ കവര്‍ച്ച; ബുട്ടീക്കിലെ മുന്‍ സെയില്‍സ് അസിസ്റ്റന്റ് ഉള്‍പ്പടെ 2 ആണ്‍കുട്ടികളും യുവതിയും പിടിയില്‍

ആഡംബര ബുട്ടീക്കില്‍നിന്ന് വിവാഹവസ്ത്രങ്ങളും പെയിന്റിങ്ങുകളും ഉള്‍പ്പെടെ രണ്ടുകോടിയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുന്‍ സെയില്‍സ് അസിസ്റ്റന്റ് ഉള്‍പ്പടെ രണ്ട് ആണ്‍കുട്ടികളും യുവതിയും പിടിയിയില്‍. മാര്‍ച്ച് ഒന്നാം തീയതിയാണ് കവര്‍ച്ച നടന്നത്. സൗത്ത് ഡല്‍ഹിയിലെ ഫത്തേപുര്‍ ബേരിയിലെ ഒരു ഫാം ഹൗസിനുള്ളിലാണ് ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്.
ശനിയാഴ്ച രാത്രി ആണ്‍കുട്ടികളും യുവതിയും ബുട്ടീക്കിന് മുന്‍പിലെത്തി. തുടര്‍ന്ന് യുവതി സുരക്ഷാ ജീവനക്കാരനോട് താന്‍ ബുട്ടീക്കിന്റെ ഉടമയുടെ ബന്ധുവാണെന്നും ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെന്ന് സൗത്ത് ഡല്‍ഹി അഡീഷണല്‍ ഡി.എസ്.പി. അചിന്‍ ഗാര്‍ഗ് പറഞ്ഞു. യുവതി സുരക്ഷാജീവനക്കാരന്റെ ശ്രദ്ധതിരിച്ചതിന് പിന്നാലെ ആണ്‍കുട്ടികള്‍ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. ശേഷം മൂന്നുപേരും ചേര്‍ന്ന് വിലകൂടിയ അന്‍പതോളം വിവാഹവസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണവും നാല് പെയിന്റിങ്ങുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്ന് കടന്നുകളയുകയായിരുന്നു.
സുരക്ഷാജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കള്‍ ബുട്ടീക്കിലെ സി.സി.ടി.വിയുടെ ഡി.വി.ആറും കൊണ്ടുപോയിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ച ടെമ്പോ വാനിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത ടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നെങ്കിലും സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഇതിന്റെ കുറച്ചുഭാഗം വ്യക്തമായതാണ് കുറ്റവാളികളെ പിടികൂടുന്നതിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
മംഗലപുരിയിലാണ് ഈ ടെമ്പോ അവസാനമായി കണ്ടതെന്ന വിവരത്തിന് പിന്നാലെ പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയും ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ടെമ്പോയുടെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. തനിക്ക് പരിചയമുള്ള, പ്രായപൂര്‍ത്തിയാകാത്ത ഒരാണ്‍കുട്ടി വാഹനം കൊണ്ടുപോവുകയായിരുന്നുവെന്ന് ടെമ്പോയുടെ ഉടമ പോലീസിനോടു പറഞ്ഞു.
കവര്‍ച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ആണ്‍കുട്ടികള്‍ ഇരുവരും ചേര്‍ന്നാണെന്നും ഇവര്‍ സുല്‍ത്താന്‍പുര്‍ സ്വദേശികളാണെന്നും പോലീസ് പറഞ്ഞു. ബുട്ടീക്കിലെ മുന്‍ സെയില്‍സ് അസിസ്റ്റന്റായിരുന്ന ആണ്‍കുട്ടിക്ക് സ്ഥാപനത്തിന്റെ ഉള്‍വശത്തെ കുറിച്ചും വസ്ത്രങ്ങളുടെ വില സംബന്ധിച്ചും ധാരണയുണ്ടായിരുന്നു. അറസ്റ്റിലായ യുവതി ഇയാളുടെ സാമൂഹികമാധ്യമസുഹൃത്താണ്. യുവതിയെ ഗാസിപുരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. കൊള്ളയടിച്ച വസ്ത്രങ്ങള്‍ ആയ നഗറിലെ ഒരു വാടകമുറിയില്‍നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha



























