ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വിലക്കേര്‍പ്പെടുത്തി ഇന്ത്യ. പാക്കിസ്ഥാനില്‍നിന്നുള്ള വസ്തുക്കള്‍ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയെക്കരുതിയാണ് തീരുമാനമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ പാക്കിസ്ഥാനില്‍നിന്ന് 4,20,000 ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ഇത് 28.6 കോടി ഡോളറായിരുന്നെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരത്തില്‍ കുത്തനെ ഇടിവുണ്ടായിരുന്നു.
ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 2023-24 വര്‍ഷത്തില്‍ 110 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്‌തെങ്കില്‍ 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.
സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാക്കിസ്ഥാന്‍ പൗരര്‍ക്ക് വീസ റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇറക്കുമതിക്കും നിരോധനമേര്‍പ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാതയും അടച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha