നഴ്‌സുമാരായ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അധികൃതര്‍

നഴ്‌സുമാരായ മലയാളി ദമ്പതികളെ ഫ്‌ലാറ്റില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), ഡിഫന്‍സ് ആശുപത്രിയില്‍ നഴ്‌സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്. വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം.
പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു. ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതാണ് ബിന്‍സിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാവാം എന്ന നിഗമനത്തിനു പിന്നില്‍. എന്നാല്‍, ദമ്പതികള്‍ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷനു മൊഴി നല്‍കി. പൊലീസ് പലതവണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന്, വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. നാട്ടില്‍ പഠിക്കുന്ന മക്കളെ അവധിയായതിനാല്‍ കഴിഞ്ഞ മാസം കുവൈത്തില്‍ കൊണ്ടുവന്നിരുന്നു. ഇവരെ തിരികെ വിട്ട ശേഷം 4 ദിവസം മുന്‍പാണ് സൂരജ് മടങ്ങിയെത്തിയത്. കുടുംബം ഓസ്‌ട്രേലിയിലേക്കു പോകാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നതായി നാട്ടിലെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ണൂരിലെത്തിക്കാനാണു ശ്രമം.
https://www.facebook.com/Malayalivartha