മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

വംശീയ കലാപം പൊട്ടിപുറപ്പെട്ട മണിപ്പൂരില്‍ പ്രധാനമന്ത്രി എത്താത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശനമുന്നയിക്കുന്നതിനിടെ മണിപ്പൂര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മോദി എത്തുന്നതിന് തൊട്ടുമുമ്പ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുകയാണ്. കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡി പറഞ്ഞു. ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മണിപ്പൂര്‍ പ്രകൃതിയുടെ സമ്മാനമാണ്. ഇവിടത്തെ കുന്നുകള്‍ രാജ്യത്തിനുലഭിച്ച അതുല്യമായ സമ്മാനമാണ്. കനത്ത മഴയിലും പരിപാടിയില്‍ പങ്കെടുക്കാനായി ഇവിടെ എത്തിയവരോട് നന്ദിയുണ്ട്. മണിപ്പൂര്‍ ധീരന്മാരുടെ നാടാണ്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വണങ്ങുന്നു. ഈ മനോഹരമായ സ്ഥലത്തെ അക്രമം വിഴുങ്ങി. എന്നാല്‍ പുതിയ പ്രഭാതം ആരംഭിക്കാന്‍ പോകുന്നു.
ആളുകള്‍ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കും. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ട്. മണിപ്പൂര്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' മോദി പറഞ്ഞു.
മണിപ്പൂരില്‍ മോദി കലാപബാധിതരെ കാണുമന്നും കുക്കി മേഖലയായ ചുരാചന്ദ്പൂരിലും മെയ്തികളുടെ കേന്ദ്രമായ ഇംഫാലിലുമെത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചുരാചന്ദ്പൂരില്‍ 7,300 കോടിയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുമെന്നും ഇംഫാലില്‍ 1,200 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നുമാണ് വിവരം. വൈകിട്ടോടെ അസാമിലേക്ക് പോകും. മോദി മണിപ്പൂരില്‍ എത്താത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് സന്ദര്‍ശനം. മണിപ്പൂര്‍ കൂടാതെ 15 വരെ മിസോറം, അസാം, ബംഗാള്‍, ബീഹാര്‍ സംസ്ഥാനങ്ങളും മോദി സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha


























