ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു

ബംഗ്‌ളാദേശില്‍ കഴിഞ്ഞ ബുധനാഴ്ച ക്രൂരമായി ആക്രമിക്കപ്പെടുകയും തീ കൊളുത്തപ്പെടുകയും ചെയ്ത ഹിന്ദു വ്യാപാരി ചികിത്സയില്‍ കഴിയവേ മരിച്ചു. മെഡിസിന്‍, മൊബൈല്‍ ബാങ്കിംഗ് ബിസിനസ് നടത്തുകയായിരുന്ന ഖോകോണ്‍ ചന്ദ്ര ദാസ് (50) ആണ് ധാക്കയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി കടയടച്ച് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാസ് ആക്രമിക്കപ്പെട്ടത്. മാരകായുധങ്ങളാല്‍ ആക്രമിച്ചശേഷം അക്രമികള്‍ ഇയാളെ തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ പുഴയിലേയ്ക്ക് ദാസ് ചാടി. പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം ഇയാളെ സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ധാക്കയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കുടുംബത്തിന് ശത്രുക്കളില്ലെന്നും ഭര്‍ത്താവ് ആക്രമിക്കപ്പെട്ടതിന്റെ കാരണം വ്യക്തമല്ലെന്നുമാണ് ദാസിന്റെ ഭാര്യ സീമ ദാസ് പ്രതികരിച്ചത്. അക്രമികള്‍ മുസ്ലീങ്ങളാണെന്ന് സീമ ദാസ് പറഞ്ഞു. അക്രമികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഭര്‍ത്താവിനെ തീകൊളുത്തിയതെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഹിന്ദു വിഭാഗക്കാരനെതിരെ ബംഗ്‌ളാദേശില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടാകുന്നത്. മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ്, ക്രിമിനല്‍ സംഘത്തലവനെന്ന് കാട്ടി അമൃത് മൊണ്ടാല്‍ എന്നീ യുവാക്കളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബജേന്ദ്ര ബിശ്വാസ് എന്നയാളെ സഹപ്രവര്‍ത്തകന്‍ വെടിവച്ചു കൊന്നു. ബംഗ്ലാദേശില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























