വെനസ്വേല യുഎസ് സംഘര്‍ഷം: പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യ; വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രക്കള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

വെനസ്വേല യുഎസ് സംഘര്‍ഷത്തിന് പിന്നാലെ വെനസ്വേലയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വെനസ്വേലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
'വെനസ്വേലയിലെ നിലവിലെ സംഭവവികാസങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ എല്ലാവരും സംയമനം പാലിക്കണം,' വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രക്കള്‍ ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാരക്കാസിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി വൈകി വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസിലെ സൈനിക സമുച്ചയത്തില്‍ യുഎസ് ഡെല്‍റ്റ ഫോഴ്‌സ് നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് പ്രസിഡന്റ് മഡുറോയും ഭാര്യ സിലിയയും പിടിയിലായത്. 1989ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക ഇടപെടലാണിത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മഡുറോയെ ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ചയോടെ അദ്ദേഹം കോടതിയില്‍ വിചാരണ നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഡുറോയുടെ അറസ്റ്റിന് പിന്നാലെ ഫ്‌ളോറിഡയിലെ മാര്‍എലാഗോയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. സുരക്ഷിതവും സുതാര്യവുമായ ഭരണമാറ്റം സാദ്ധ്യമാകുന്നത് വരെ വെനസ്വേലയുടെ ഭരണം അമേരിക്ക നിയന്ത്രിക്കുമെന്നും, വെനസ്വേലന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത മറ്റാരെങ്കിലും അധികാരം പിടിച്ചെടുക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























