പട്ടായയില്‍ ലൈംഗിക തൊഴിലാളിക്ക് പണം നല്‍കാതെ മുങ്ങിയ ഇന്ത്യക്കാരന് ക്രൂരമര്‍ദനം

പട്ടായയില്‍ 52കാരനും ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കം. ലൈംഗിക തൊഴിലാളിയുമായി സെക്‌സ് ചെയ്തശേഷം പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച ഇന്ത്യയക്കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക തൊഴിലാളികള്‍ ക്രൂരമായി മര്‍ദിച്ചു. 52കാരനായ രാജ് ജസൂജയ്ക്കാണ് മര്‍ദനമേറ്റത്. തായ്ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയില്‍ ഡിംസംബര്‍ 27ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു കൂട്ടം ട്രാന്‍സ്‌ജെന്‍ഡറുകളാണ് ഇയാളെ പരസ്യമായി മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പട്ടായയിലെ വാക്കിംഗ് സ്ട്രീറ്റിന് സമീപമാണ് രാജ് ജസൂജയും ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക തൊഴിലാളിയും തമ്മില്‍ പണത്തെച്ചൊല്ലി തര്‍ക്കമുണ്ടാകുന്നത്. തര്‍ക്കം രൂക്ഷമായതോടെ സ്ത്രീ തന്റെ മറ്റ് ട്രാന്‍സ് സുഹൃത്തുക്കളെ സഹായത്തിന് വിളിക്കുകയായിരുന്നു. പണം നല്‍കാതെ ജസൂജ തന്റെ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കാറിന്റെ ഡോര്‍ തടയുകയും, തുടര്‍ന്ന് മറ്റുള്ളവരുടെ സഹായത്തോടെ ഇയാളെ വാഹനത്തിന് പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു.
അതിനു പിന്നാലെയാണ് രാജിനെ നടു റോഡിലിട്ട് മര്‍ദ്ദിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തത്. 'നോ മണി, നോ ഹണി' പണമില്ലെങ്കില്‍ സ്‌നേഹമില്ലെന്ന് അക്രമികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ രാജിനെ പ്രാഥമിക ശുശ്രൂഷ നല്‍കി പട്ടാമകോം ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ സുഖം പ്രാപിച്ച ശേഷം ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെടുമെന്ന് പട്ടായ പൊലീസ് അറിയിച്ചു. തായ് നിയമമനുസരിച്ച് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























