തരൂരിനെ വളര്‍ത്തിയതും തളര്‍ത്തിയതും ട്വിറ്റര്‍

ശശി തരൂരിനെ വളര്‍ത്തിയതും തളര്‍ത്തിയതും ട്വിറ്റര്‍ . ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം ട്വിറ്റര്‍ അനുകൂലമായും പ്രതികൂലമായും ഉണ്ടായിരുന്നു. കന്നുകാലി ക്ലാസ് പ്രയോഗം മുതല്‍ ഒടുവില്‍ മെഹര്‍ തരാറുമായുള്ള പ്രണയ ബന്ധവും സുനന്ദയുടെ മരണത്തിലും ട്വിറ്ററായിരുന്നു താരം.
20,45,765 പേരാണ് ശശി തരൂരിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതും ഇദ്ദേഹത്തെ തന്നെ. എക്കോണമി ക്ലാസിനെ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ചതോടെയാണ് തരൂരിന്റെ ട്വിറ്ററില്‍ തള്ളിക്കയറ്റമുണ്ടായത്. 2009ല്‍ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ വിമാനത്തില്‍ ബിസിനസ് ക്ലാസ് ഉപേക്ഷിച്ച് എക്കോണമി ക്ലാസില്‍ യാത്ര ചെയ്യണമെന്ന് കേന്ദ്രം ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു പരിഹാസം. കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചതോടെ ട്വിറ്ററിലൂടെ തരൂര്‍ മാപ്പ് പറഞ്ഞു.
ഗാന്ധി ജയന്തിക്ക് പൊതു അവധി നല്‍കരുതെന്നും അന്ന് ജോലിയെടുക്കുകയാണ് വേണ്ടതെന്നും ട്വീറ്റ് ചെയ്തതും ചര്‍ച്ചയായി. 2010ലാണ് കേന്ദ്രമന്ത്രി സ്ഥാനം വരെ നഷ്ടപ്പെട്ട ഐ.പി.എല്‍ വിവാദം. അന്ന് സ്വന്തം നിലപാടുകള്‍ പറഞ്ഞത് ട്വിറ്ററിലൂടെയായിരുന്നു. പിന്നീട് കുറച്ചു നാള്‍ ട്വിറ്ററിനോട് ഒരു അകല്‍ച്ച പാലിച്ചു. സുനന്ദയുമായുള്ള വിവാഹശേഷം വീണ്ടും സജീവമായി.
പാക് മാദ്ധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാരും തരൂരും തമ്മില്‍ ട്വിറ്ററിലൂടെ നടത്തിയ സംഭാഷണം പുറത്തു വന്നതോടെ പുതിയ വിവാദങ്ങള്‍ക്ക് വീണ്ടും തിരിതെളിഞ്ഞു. മെഹറിന് ഐ.എസ്.ഐ ബന്ധമുണ്ടെന്ന ആരോപണം സുനന്ദ ഉന്നയിച്ചതും ട്വിറ്ററിലൂടെയായിരുന്നു. ഇത് പരസ്യപ്പെടുത്തിയത് താനാണെന്ന് സുനന്ദ പറഞ്ഞതായി ഇംഗ്ലീഷ് പത്രം വെളിപ്പെടുത്തി. ഇതിനു ശേഷമാണ് ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും തത്കാലം ട്വീറ്റ് ചെയ്യുന്നില്ലെന്നും തരൂര്‍ കുറിച്ചത്. ഇതിനു മറുപടിയായി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന സന്ദേശവുമായി സുനന്ദയും വന്നു. അവസാനമായി, ഭാര്യയ്ക്ക് സുഖമില്ലെന്നും ജയ്പൂര്‍ സാഹിത്യോത്സവം നഷ്ടപ്പെടുമെന്നും വെള്ളിയാഴ്ച രാത്രി 7.30ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























