അരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് റിസര്‍വ് ബാങ്ക്

ബാങ്ക് അക്കൗണ്ടില്‍ പാന്‍ കാര്‍ഡ് നമ്പര്‍ നേരത്തേ ഉള്‍പ്പെടുത്തിയിട്ടില്ലാത്തവര്‍ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ പാന്‍ കാര്‍ഡിന്റെ പകര്‍പ്പു ലഭ്യമാക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.
സേവിങ്‌സ് അക്കൗണ്ടില്‍ ഒരുദിവസം 50,000 രൂപയില്‍ കൂടുതലോ കഴിഞ്ഞ ഒന്‍പതു മുതല്‍ ഡിസംബര്‍ 30 വരെ മൊത്തം രണ്ടരലക്ഷം രൂപയില്‍ കൂടുതലോ നിക്ഷേപിക്കുന്നവരെക്കുറിച്ച് ആദായനികുതി വകുപ്പിനു വിവരങ്ങള്‍ ലഭ്യമാക്കണമെന്നു ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും ധനമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണിത്.
കറന്റ് അക്കൗണ്ടില്‍ 12.5 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരുടെ വിവരങ്ങളും ആദായ നികുതി വകുപ്പിനു ലഭ്യമാക്കണം. ഒന്നിലധികം കറന്റ് അക്കൗണ്ടുകളിലായി 12.5 ലക്ഷമാണെങ്കിലും വിവരം ലഭ്യമാക്കേണ്ടതുണ്ട്. സേവിങ്‌സ് അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം വന്നാല്‍ മാത്രം ആദായനികുതി വകുപ്പിനെ അറിയിക്കുകയെന്ന വ്യവസ്ഥ ഭേദഗതി ചെയ്തതായി ധനമന്ത്രാലയം വ്യക്തമാക്കി. വലിയ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ജന്‍ ധന്‍ അക്കൗണ്ടുകളും മറ്റും ദുരുപയോഗിക്കപ്പെടുന്നതിനാലാണ് 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിന്റെ വിവരങ്ങളും ശേഖരിക്കുന്നത്. വിവരങ്ങള്‍ അടുത്ത ജനുവരി 31ന് അകമാണു ലഭ്യമാക്കേണ്ടത്.
അക്കൗണ്ടുകളില്‍ വലിയതോതില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് 200% വരെ പിഴചുമത്തുമെന്നു നേരത്തേ വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാല്‍, വാര്‍ഷിക റിട്ടേണില്‍ വരുമാനം കൃത്യമായി കാണിച്ച്, നിശ്ചിതനികുതി അടയ്ക്കുന്നവര്‍ക്കു പ്രശ്‌നമുണ്ടാവില്ലെന്നും നിക്ഷേപത്തിലെ വര്‍ധനയുടെ കാരണം നികുതിവകുപ്പിനു തൃപ്തികരമാകുന്ന രീതിയില്‍ വിശദീകരിക്കാന്‍ സാധിക്കാത്തപ്പോഴാണ് പിഴ ചുമത്തലുണ്ടാവുകയെന്നും നികുതിവകുപ്പു വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ ലഭ്യമാക്കേണ്ട സ്ഥാപനങ്ങളുടെ ഗണത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
എന്നാല്‍, ബാങ്കുകളും മറ്റും നിക്ഷേപകരെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമാക്കിയാലും അവ പരിശോധിക്കാന്‍ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്നാണു നികുതി വകുപ്പിന്റെ നിലപാട്. നിലവിലെ നികുതിദായകരില്‍ 0.1% പേരുടെ റിട്ടേണ്‍ വിവരങ്ങള്‍ മാത്രമാണു സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഏകദേശം 8000 ഉദ്യോഗസ്ഥരാണു റിട്ടേണുകള്‍ പരിശോധിക്കാനായുള്ളത്. അതില്‍ത്തന്നെ, ഉയര്‍ന്ന മൂല്യമുള്ളവ പരിശോധിക്കാന്‍ ചുമതലയുള്ളവരാണ് ഏകദേശം 4000 വരുന്ന ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥര്‍. ഫലത്തില്‍, വിവരങ്ങള്‍ ശേഖരിക്കുക എന്നതിനപ്പുറം, സൂക്ഷ്മപരിശോധനയെന്നത് ഇപ്പോഴത്തെ സ്ഥിതിയില്‍ അസാധ്യമാണെന്നു നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























