മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി വെച്ച് യുവാവ് ആത്മഹത്യ ചെയ്തു

തൊഴില്‍ ലഭിക്കാതെ ജീവിതം വഴിമുട്ടിയ യുവാവ് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാജാജി പുരത്താണ് സംഭവം. 40 വയസുകാരനായ ഷൈലേഷ് കുമാറാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനും കത്തെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന ഷൈലേഷ് കുമാര്‍ തൊഴിലില്ലാത്തതില്‍ ഏറെ ദുഃഖിതനായിരുന്നു. ബുധനാഴ്ച രാവിലെ ഇയാള്‍ ഭാര്യയുമായി വഴക്കിട്ട ശേഷം മുറിക്കുള്ളില്‍ കയറി വാതിലടച്ച ഏറെ നേരം കഴിഞ്ഞു പുറത്തിറങ്ങാതെ വന്നപ്പോഴാണ് വാതില്‍ പൊളിച്ച് വീട്ടുകാര്‍ അകത്ത് കടന്നത്.
തുടര്‍ന്ന് മുറിക്കുള്ളില്‍ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് മുറിയില്‍ നടത്തിയ തെരച്ചിലിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ആത്മഹത്യാ കുറിപ്പില്‍, തന്റെ കുടുംബത്തെ സഹായിക്കണമെന്നാണ് അഖിലേഷ് യാദവിനോടും മുലായം സിങ് യാദവിനോടും ഷൈലേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി പറയുന്ന അച്ഛാ ദിന്‍ ശരിക്കും വരുമോയെന്നറിയാന്‍ താന്‍ ഉണ്ടാവില്ലെന്നും ഇയാള്‍ മോഡിയോടായി പറയുന്നു. തന്റെ പ്രവര്‍ത്തിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും കുടുംബത്തെ ഇതിന്റെ പേരില്‍ ദ്രോഹിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഒരു പാല്‍ സംസ്‌കരണ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന ഷൈലേഷ് അവിടുത്തെ ജോലി നഷ്ടപ്പെട്ട ശേഷം മറ്റൊരു ജോലിക്കായി ഏറെ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























