എനിക്ക് ജീവിതം തിരികെ നല്‍കിയത് കാസ്‌ട്രോ: മറഡോണ

തനിക്ക് ജീവിതം തിരികെ നല്‍കിയത് ക്യൂബന്‍ ജനതയും ഫിദല്‍ കാസ്‌ട്രോയുമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ. വളരെയധികം പ്രയാസം നിറഞ്ഞ സന്ദര്‍ഭത്തില്‍ അവര്‍ കാണിച്ച സ്‌നേഹം വലുതാണെന്നും ദൈവത്തിനേക്കാള്‍ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും മറഡോണ പറയുന്നു.
മറഡോണയ്ക്ക് ആരോഗ്യപ്രശ്‌നം നേരിട്ടപ്പോള്‍ രക്ഷാകരങ്ങള്‍ നീട്ടിയത് ഫിദലാണ്. ചികിത്സക്കായി ക്യൂബയിലേക്ക് ക്ഷണിക്കുകയും അവിടെനിന്ന് ലഭിച്ച സ്‌നേഹവും സാന്ത്വനവും എന്നെ പുതിയ മനുഷ്യനാക്കുകയും ചെയ്തു. ഫിദലിന്റെ പ്രോത്സാഹനവും പ്രചോദനവും ജീവിതം നശിച്ചിട്ടില്ലെന്നും ഇനിയും ചെയ്തുതീര്‍ക്കാനുണ്ടെന്നും ബോധ്യപ്പെടുത്തി.
സുഹൃത്തും പിതാവും സഖാവും പ്രതീക്ഷയും ആവേശവുമൊക്കെയായിരുന്നു എനിക്ക് ഫിദല്‍. അദ്ദേഹം ആരോഗ്യവാനായ ഘട്ടംവരെ ഏതു സമയത്തും ഫോണില്‍ വിളിക്കാവുന്ന സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നെന്നും മറഡോണ ഓര്‍ക്കുന്നു.
അപാര സിദ്ധികളുണ്ടായ മനുഷ്യത്വത്തിന്റെ മഹാവൃക്ഷമായിരുന്നു ഫിദല്‍. ഒരു കൊടുങ്കാറ്റിനും ഇളക്കാനാവാത്ത ആ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ലോകത്തെപ്പോലെ ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത വൈകാരികത നിറഞ്ഞ ബന്ധമായിരുന്നു ഞങ്ങളുടേത്. ഒരു സാധാരണ മനുഷ്യന് ഏറ്റവും വലുത് ദൈവമാണെന്ന് പറയാറുണ്ട്. അദ്ദേഹം എനിക്ക് അതിനുമേലെയാണ്.
2005 ഒക്ടോബര്‍ 24ന് അര്‍ജന്റീനിയന്‍ ടെലിവിഷനില്‍ ഫിദലുമായി ഞാന്‍ ചെയ്ത അഭിമുഖം മറക്കാനാവില്ല. അഞ്ചു മണിക്കൂര്‍ നീണ്ട അതില്‍ സര്‍വ വിഷയങ്ങളും വന്നു. എന്നാല്‍ പ്രേക്ഷകര്‍ക്ക് അഞ്ചു നിമിഷംപോലെയേ അനുഭവപ്പെട്ടുള്ളൂവെന്നും മറഡോണ ഓര്‍ക്കുന്നു.
2015 ജനുവരിയില്‍ അദ്ദേഹം എനിക്കൊരു കത്തെഴുതിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് മാധ്യങ്ങള്‍ വീണ്ടും കള്ളക്കഥ പ്രചരിപ്പിച്ച സമയമായിരുന്നു അത്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്തത് ചൂണ്ടി അന്ന് മാധ്യമങ്ങള്‍ കാസ്ട്രാ മരിച്ചെന്ന് പ്രഖ്യാപിച്ചു. അന്ന് ഫിദല്‍ ഒപ്പിട്ടുനല്‍കിയ ആ കത്ത് ഞാന്‍ മാധ്യമങ്ങള്‍കുമുന്നില്‍ വെച്ചതോടെയാണ് ഗൂഢാലോചന പൊളിഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നെന്നും മറഡോണ പറഞ്ഞു.
https://www.facebook.com/Malayalivartha


























