നോട്ട് നിരോധനത്തെ തുടര്‍ന്ന് വിദേശികള്‍ വലഞ്ഞു; കാശില്ലാതെ പെരുവഴിയില്‍ കലാമേള നടത്തി; കിട്ടിയത് 3000 രൂപ

നോട്ട് നിരോധനത്തെ തുടര്‍ന്ന് വഴിയാധാരമായ രണ്ടു സംഘം വിദേശ വിനോദസഞ്ചാരികള്‍ക്ക് ഒടുവില്‍ ഭക്ഷണത്തിനും മടക്കയാത്രയ്ക്കു പണം കണ്ടെത്താന്‍ വേണ്ടി പെരുവഴിയിലേക്കു ഇറങ്ങേണ്ടി വന്നു. ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികളാണു പണം കണ്ടെത്താനായി പെരുവഴിയിലിറങ്ങിയത്. 1000, 500 രൂപയുടെ നോട്ടുകള്‍ ധാരാളം കൈയിലിരിക്കെയാണ് കുടിക്കാന്‍ ഒരു കുപ്പി വെള്ളം പോലും വാങ്ങാന്‍ നിവൃത്തിയില്ലാതെ 12 അംഗ സംഘം വലഞ്ഞത്. ഇതേ തുടര്‍ന്നു സംഘത്തിലെ പുരുഷന്മാര്‍ വിവിധ വാദ്യോപകരണങ്ങള്‍ വായിച്ചു, സ്ത്രീകള്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി.
'നിങ്ങള്‍ക്കു ഞങ്ങളെ സഹായിക്കാന്‍ കഴിയും', 'പൈസയുടെ പ്രശ്‌നം' എന്നൊക്കെയെഴുതിയ പ്ലക്കാര്‍ഡുകളും ഇവര്‍ കരുതിയിരുന്നു. പുഷ്‌കറിലെ ബ്രഹ്മക്ഷേത്രത്തിനു സമീപത്തും മറ്റൊരു ജംക്ഷനിലുമായി വിദേശികള്‍ നടത്തിയ പ്രകടനം കണ്ട് തരക്കേടില്ലാതെ കാഴ്ചക്കാരും കൂടി. മൂവായിരം രൂപയോളം പ്രകടനത്തെ തുടര്‍ന്നു പിരിവായി കിട്ടി. നവംബര്‍ എട്ടിനാണു പുഷ്‌കര്‍ മേള കാണുന്നതിനായി ജയ്പൂരില്‍ ഇവരെത്തിയത്. പിറ്റേന്നു നോട്ടു നിരോധനവും വന്നു.
കൈയിലുള്ള ചില്ലറകൊണ്ടാണ് അത്യാവശ്യ കാര്യങ്ങള്‍ നടത്തി ഇത്രയും ദിവസം തള്ളിനീക്കിയത്. വലിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കാതെയല്ല. ബാങ്കിലും എടിഎമ്മിനു മുന്നിലും മാറി മാറി ക്യൂ നിന്നെങ്കിലും കാര്യം നടന്നില്ല. അതോടെയാണു നാട്ടുകാരുടെ കാരുണ്യത്തിനായി കൈ നീട്ടാന്‍ തീരുമാനിച്ചത്. പിരിഞ്ഞുകിട്ടിയ തുക കൊണ്ട് എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ എത്തിപ്പെടുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. തങ്ങളുടെ രാജ്യങ്ങളുടെ എംബസികളില്‍ എത്തിപ്പെട്ടാല്‍ എങ്ങനെയും നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
https://www.facebook.com/Malayalivartha


























