സ്ത്രീധനം ലഭിച്ചത് പഴയനോട്ട്: നവവധുവിനെ കൊലപ്പെടുത്തി

സ്ത്രീധനത്തുക പുതിയ നോട്ടായി കിട്ടാത്തതിനെ തുടര്‍ന്ന് നവവധുവിനെ കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രഭാസിനി എന്ന പെണ്‍കുട്ടിയും ലക്ഷ്മി നാഹക്കും തമ്മിലുള്ള വിവാഹത്തിന് 1.70 ലക്ഷം സ്ത്രീധനം ആണ് ഉറപ്പിച്ചിരുന്നതത്രേ. നവംബര്‍ ഒമ്ബതിനായിരുന്നു വിവാഹം.
സ്ത്രീധനത്തുക പഴയ 500, 1000 നോട്ടുകളായി നല്‍കിയപ്പോള്‍ സ്വീകരിക്കാന്‍ വരന്റെ ആള്‍ക്കാര്‍ മടിച്ചു. നോട്ടു മാറിക്കൊടുക്കാം എന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം മകളുടെ മരണവാര്‍ത്തയാണ് പ്രഭാസിനിയുടെ മാതാപിതാക്കള്‍ കേട്ടത്. പണം പുതിയ നോട്ടുകളായി മാറിക്കൊടുക്കുന്നതു വൈകിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രഭാസിനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇതിന്റെ പേരില്‍ ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ എല്ലാദിവസവും പ്രഭാസിനിയെ പീഡിപ്പിച്ചിരുന്നത്രേ. പ്രഭാസിനിയുടെ അമ്മ കനു മണ്ഡലും ഇക്കാര്യം ശരിവയ്ക്കുന്നു. എന്നാല്‍ ആത്മഹത്യയാണെന്നാണ് ഭര്‍തൃവീട്ടുകാരുടെ വാദം. അതേസമയം ലക്ഷ്മി നാഹക് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നു എന്നും അതാവാം മരണകാരണമെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























