സ്ലീവ്‌ലെസ് ഗൗണിട്ടിരിക്കുന്ന ഭാര്യയുടെ ഫോട്ടോ; മുഹമ്മദ് ഷമിക്കെതിരേ ഫേസ്ബുക്കില്‍ അതിരുവിട്ട കമന്റുകള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളറായ മുഹമ്മദ് ഷമിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പരാതി പ്രവാഹം. സ്ലീവ്‌ലെസ് ഗൗണിട്ട ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതാണ് സോഷ്യല്‍ മീഡിയയിലെ പാരമ്പര്യവാദികളെ പ്രകോപിപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് ബ്രൗണ്‍ ഗൗണിട്ടിരിക്കുന്ന ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷമി പോസ്റ്റ് ചെയ്തത്. ചിത്രം ഒരുപാടുപേര്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയുമൊക്കെ ചെയ്‌തെങ്കിലും ചിലര്‍ക്ക് അതത്ര രുചിച്ചില്ല. ഹസിന്റെ ഗൗണിന് കൈയില്ലാത്തതാണ് പലര്‍ക്കും പ്രശ്‌നമായത്. ഹസിന്‍ ഒരു ഹിജാബ് ധരിക്കേണ്ടതായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. ഭാര്യ ഇസ്ലാം മതവിശ്വാസി തന്നെയാണോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഭാര്യ ഇങ്ങിനെ ശരീരം തുറന്നുകാട്ടുന്ന വസ്ത്രം ധരിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെ എന്നായി വേറെ ചിലര്‍. ഭാര്യ എങ്ങിനെ ജീവിക്കണമെന്ന് ഒരു ഇസ്ലാം മതവിശ്വാസിയായ നിങ്ങള്‍ക്ക് അറിയില്ലെ എന്നും ചോദിച്ചവരും കുറവല്ല.
ചിലര്‍ ഷമിയെ അനുകൂലിച്ച് കമന്റുകളുമായി എത്തിയതോടെ പിന്നെ ചേരിതിരിഞ്ഞ ആക്രമണമായി ഫോട്ടോയ്ക്ക് താഴെ. പലതും മര്യാദയുടെയും സഹിഷ്ണുതയുടെയും മാന്യതയുടെയും സീമ ലംഘിക്കുന്നതുമായി. ഇത് ഇന്ത്യയാണ് ഷമിയെയും ഭാര്യയെയും ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടട്ടെ എന്ന് അതിരുവിട്ട് കമന്റ് ചെയ്തവരും ഉണ്ട്. എന്തിനെയും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നവരെ വിമര്‍ശിച്ച് കമന്റിട്ടവരും കുറവായിരുന്നില്ല.
ഷമിയ്ക്ക് പിന്തുണയുമായി ചില പ്രശസ്തരും രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയുടെ ഫോട്ടോയ്ക്കുള്ള കമന്റുകള്‍ നാണക്കേടാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കയ്ഫ് ട്വിറ്ററില്‍ കുറിച്ചത്. 'ഷമിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്. അല്‍പം വിവേകം കാണിക്കൂ' എന്നും കയ്ഫ് എഴുതി. ടെന്നിസ് താരം സാനിയ മിര്‍സയും നേരത്തെ ഇതുപോലെ വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാരവാദികളില്‍ നിന്ന് വന്‍ ആക്രമണത്തിന് ഇരയായിരുന്നു. കാല്‍മുട്ടിന് പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ കഴിയാതിരുന്ന ഷമി ഇപ്പോള്‍ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ്.
https://www.facebook.com/Malayalivartha


























