ആരോപണങ്ങള്‍ക്ക് പുല്ലുവില... അമ്മയുടെ സ്ഥാനം ചിന്നമ്മ ഏറ്റെടുത്തു; ഇനിയുള്ളത് മുഖ്യമന്ത്രി പദം; എതിര്‍ക്കുന്നവരുടെ ചിറകരിയാന്‍ പ്രത്യേക സംഘം

ജയലളിതയുടെ മരണത്തിലും സ്വത്ത് സമ്പാദനത്തിലും തോഴി ശശികലയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയില്‍ പുല്ലുവില.
അണ്ണാ ഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലാ നടരാജനെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ശശികലയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുന്നുവെന്നാണു പ്രമേയത്തില്‍ പറയുന്നത്. ജയലളിതയ്ക്കു ഭാരതരത്‌ന നല്‍കണം എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയത്. ഒന്‍പതരയ്ക്കു ചേര്‍ന്ന യോഗത്തില്‍ ഉടന്‍ തന്നെ പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ തീരുമാനമാവുകയായിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണു യോഗം ആരംഭിച്ചത്.
ജയലളിതയുടെ പിന്‍ഗാമി ആര് എന്ന ചോദ്യത്തിനു പ്രവര്‍ത്തകരും നേതാക്കളും ഒന്നടങ്കം നല്‍കുന്ന മറുപടി അമ്മയ്ക്കു പകരം ചിന്നമ്മ മാത്രം എന്നാണ്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ജയയുടെ തോഴി ശശികല അമരത്തേക്കു വരണമെന്നായിരുന്നു മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ളവരുടെ ആഗ്രഹം. എന്നാല്‍, ഇതിനെ ചോദ്യം ചെയ്തു ശശികല പുഷ്പ എംപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ പരിഗണിക്കണമെന്നാണു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഇവരുടെ ആവശ്യം. ഇതിനെ തള്ളിയാണ് പുതിയ തീരുമാനമുണ്ടായത്.
https://www.facebook.com/Malayalivartha


























