പണ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവു വരുത്തിയേക്കുമെന്ന് സൂചന

പണ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവുവരുത്തിയേക്കുമെന്ന് സൂചന. നോട്ട് പിന്‍വലിക്കലോടെ ബാങ്കുകളില്‍ പണലഭ്യത വര്‍ധിച്ചത് നിരക്കുകുറയ്ക്കാന്‍ കാരണമായേക്കുമെന്നാണ് സാമ്പത്തികരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം, പുതുവല്‍സരസമ്മാനമായി ബാങ്കുകള്‍ സ്വമേധയാ വായ്പാ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നും സൂചനയുണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം വര്‍ധിച്ച സാഹചര്യത്തിലും നിലവിലെ നിരക്ക് തുടരാനായിരുന്നു ഈമാസം ഏഴിനു നടത്തിയ നയപ്രഖ്യാപനത്തില്‍ ആര്‍ബിഐയുടെ തീരുമാനം.
വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമാണ്. ഇത് നോട്ടു നിയന്ത്രണം അവസാനിക്കുന്ന ഘട്ടത്തിലോ, പുതുവല്‍സരത്തിലോ കാല്‍ശതമാനം വരെ കുറച്ചേക്കാമെന്നാണ് സാമ്പത്തികരംഗത്തിന്റെ പ്രതീക്ഷ. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ബാങ്കുകളുടെ കൈവശമെത്തിയ പണലഭ്യത കൂടിയതാണ് ഇതിനു കാരണം. വായ്പ കൊടുക്കാന്‍ ഇത്തരത്തിലെത്തിയ പണം ധാരാളമുണ്ട്.
നിലവില്‍ നേരിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് നിക്ഷേപം കുമിഞ്ഞുകൂടുന്നത് വിപരീതഫലമുണ്ടാക്കും. നോട്ട് പ്രതിസന്ധി കാരണം പുതിയ വായ്പാ അപേക്ഷകരും കുറഞ്ഞു. അതിനാല്‍, പലിശനിരക്ക് വീണ്ടും കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് അതുവഴി പ്രയോജനം നല്‍കാനും ശ്രമമുണ്ടായേക്കുമെന്നാണ് സൂചന.
ആര്‍ബിഐ നിരക്ക് കുറച്ചാലും ഇല്ലെങ്കിലും, പുതിയ സാഹചര്യത്തില്‍ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ നിക്ഷേപത്തിന്റെയും വായ്പയുടേയും പലിശനിരക്കുകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടതായാണ് വിവരം.
https://www.facebook.com/Malayalivartha


























