കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ നിയമം: അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുമെന്ന് സുപ്രീം കോടതി

കുറ്റവാളികള്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുമെന്ന് സുപ്രീം കോടതി. ഡല്‍ഹി ബിജെപി വക്താവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടുന്നവരെക്കൂടി മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണോ, വിചാരണയുടെ ഏതു ഘട്ടത്തിലാണ് നിലവിലുള്ള ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കേണ്ടത് തുടങ്ങിയ ഗൗരവകരമായ കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതിനാല്‍ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്ന്, നിലവില്‍ കേസ് പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്റെ തലവന്‍ കൂടിയായ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അറിയിച്ചു.
അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ ബെഞ്ച് ഉടന്‍ സ്ഥാപിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരുമായ ഒട്ടേറെപ്പേര്‍ മല്‍സരത്തിനൊരുങ്ങുന്നു.
സാഹചര്യത്തില്‍ ഹര്‍ജിയില്‍ അടിയന്തര തീര്‍പ്പുണ്ടാകണമെന്ന അപേക്ഷയാണു പരിഗണിച്ചത്. എന്നാല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, വിചാരണ നേരിടുന്നവര്‍, കുറ്റപത്രം നല്‍കപ്പെട്ടവര്‍, കേസെടുക്കുക മാത്രം ചെയ്തവര്‍ എന്നിങ്ങനെ കേസിന്റെ ഏതു ഘട്ടത്തില്‍ ഉള്ളവരെയാണ് മല്‍സരിക്കുന്നതില്‍നിന്നു വിലക്കുക, ഏതു ഘട്ടത്തിലാണ് ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ കഴിയുക എന്നീ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് ജസ്റ്റിസ് കേഹാറിനു പുറമേ, ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
https://www.facebook.com/Malayalivartha


























