പറയാന്‍ കൊള്ളാത്ത ഗ്രാമത്തിന്റെ പേര് പ്രധാനമന്ത്രിയെ കൊണ്ട് മാറ്റിച്ച മിടുക്കി

കൂട്ടുകാരുടെ കളിയാക്കല്‍ അസഹനീയമായപ്പോഴാണ് ഹര്‍പ്രീറ്റ് കോര്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിയത്. 'എന്റെ അമ്മായിയുടെ മകന്‍ എപ്പോഴും എന്നെ പരിഹസിക്കുന്നു. അത് പോലെ എന്റെ മറ്റുള്ള ബന്ധുക്കളും' ഹര്‍പ്രീറ്റ് പറഞ്ഞു. വൃത്തികെട്ട, അഴുക്കുള്ള എന്നിങ്ങനെ അര്‍ത്ഥങ്ങളുള്ള'ഗന്‍ഡ' എന്നായിരുന്നു ഹര്‍പ്രീറ്റിന്റെ ഗ്രാമത്തിന്റെ പേര്.
ഈ പേര് കാരണം പലരും ഹര്‍പ്രീറ്റ് ഒരു വൃത്തി കെട്ട ഗ്രാമത്തില്‍ നിന്നാണ് വരുന്നതെന്നും പറഞ്ഞ് നിരന്തരം കളിയാക്കിയിരുന്നു. എതായാലും പ്രദേശവാസികള്‍ ഇപ്പോള്‍ ഹര്‍പ്രീറ്റിന് നന്ദി പറഞ്ഞിരിക്കുകയാണ്. ഹരിയാനയിലെ ഫതിഹബാദ് ജില്ലയിലുള്ള 'ഗന്‍ഡ' എന്ന ഗ്രാമം ഇനി മുതല്‍ അജിത് നഗര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. കഴിഞ്ഞ 27 വര്‍ഷമായിട്ട് പഞ്ചായത്ത് തല കുത്തി മറഞ്ഞിട്ടും നടക്കാത്ത കാര്യമാണ് 14 വയസ്സുള്ള പെണ്‍കുട്ടി മാസങ്ങള്‍ കൊണ്ട് നേടിയെടുത്തത് എന്നത് നാട്ടുകാരെ ഏറെ അഭിമാനം കൊള്ളിക്കുന്നു.
ഹര്‍പ്രീറ്റിന്റെ ആശയം ആദ്യമായി വീട്ടുകാരോട് പറഞ്ഞപ്പോള്‍ ദേഷ്യപ്പെടുകയാണ് ചെയ്തത്. സ്വസ്തമായി ജീവിക്കുന്ന ഈ കുടുംബത്തിലേക്ക് നീ പ്രശ്‌നങ്ങള്‍ വലിച്ച് കൊണ്ട് വരരുതെന്നവര്‍ ഗുണദോഷിച്ചു. കൂടെപ്പിറപ്പുകളോട് പറഞ്ഞപ്പോഴും ഇത് തന്നെയായിരുന്നു മറുപടി.
നിരുല്‍സാഹപ്പെട്ടെങ്കിലും ഹര്‍പ്രീറ്റ് പിന്മാറിയില്ല. 2015 ഡിസംബറിലാണ് ഹര്‍പ്രീറ്റ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കത്ത് ശ്രദ്ധയില്‍ പെട്ട പ്രധാന മന്ത്രിയുടെ ഓഫീസ് ഉടന്‍ തന്നെ ഹരിയാന സര്‍ക്കാറുമായി ബന്ധപ്പെട്ട് ആവശ്യമുള്ള നടപടികള്‍ കൈകൊള്ളാന്‍ പറയുകയായിരുന്നു. 2600 ഓളം ആളുകള്‍ താമസിക്കുന്ന ഈ ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനുള്ള ആദ്യ അപേക്ഷ നല്‍കിയത് 1989 ലാണ്.
പേര് മാറ്റിയെങ്കിലും ഹര്‍പ്രീറ്റ് സംതൃപ്തയല്ല. സ്‌കൂളിലേക്കുള്ള അപരിചിതരുടെ നുഴഞ്ഞു കയറ്റം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നതിനാല്‍ സ്‌കൂളിന് ചുറ്റും ഒരു അതിര് ഭിത്തി നിര്‍മ്മിക്കണമെന്നും ഗ്രാമത്തില്‍ ഒരു മൃഗാശുപത്രി പണി കഴിപ്പിച്ച് കൊടുക്കണമെന്നുമാണ് ഹര്‍പ്രീറ്റിന്റെ പുതിയ അപേക്ഷ.
https://www.facebook.com/Malayalivartha


























