പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധികചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്

പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ബാങ്കുകള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം വാങ്ങില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ദില്ലിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാര്‍ഡ് ഇടപാടുകള്‍ക്ക് വരുന്ന അധിക ചാര്‍ജ് ആര് വഹിക്കും എന്നത് സംബന്ധിച്ച് ബാങ്കുകളും എണ്ണ കമ്പനികളും ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ വഴി ഇന്ധനം നിറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നതിന് പമ്പ് ഉടമകളില്‍നിന്ന് ബാങ്കുകള്‍ ഒരു ശതമാനം സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് പുന:പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്‍ പിന്മാറിയിരുന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളില്‍ നിന്നും കാര്‍ഡുപയോഗിച്ച് ഇന്ധനം നിറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 0.75 ശതമാനം തുക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലെ സര്‍വീസ് ചാര്‍ജുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയ്ക്കും പെട്രോളിയം മന്ത്രിയ്ക്കും നിര്‍ദേശം നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























