മണിപ്പൂര്‍ എന്താ ഇന്ത്യയിലല്ലേ? വിദ്യാര്‍ത്ഥികള്‍ക്ക് താജ് മഹലില്‍ പ്രവേശനം നിഷേധിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കാനെത്തിയ മണിപ്പൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം. ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതോടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഇംഫാലിലെ സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഞായറാഴ്ചയായിരുന്നു വിദ്യാര്‍ത്ഥികളുടെ സംഘം താജമഹലിലെത്തിയത്.
വിദേശികളെ പോലെ തോന്നുന്നുവെന്ന് പറഞ്ഞായിരുന്നു സുരക്ഷ ഗാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞത്. വിദ്യാര്‍ത്ഥികളുടെ പൗരത്വം ചോദിച്ച ഗാര്‍ഡുകള്‍ പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.
താജ്മഹലില്‍ വിദേശികള്‍ക്ക് 1000 രൂപയും സ്വദേശികള്‍ക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്. കുറഞ്ഞനിരക്കിലെ ടിക്കറ്റ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തന്ത്രമെടുത്തുവെന്നാണ് ഗാര്‍ഡുകള്‍ കരുതിയത്. വിദ്യാര്‍ത്ഥികള്‍ ഐഡി കാര്‍ഡുകള്‍ കാണിച്ചെങ്കിലും ഗാര്‍ഡുകള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് വിഷയത്തില്‍ പോലീസ് ഇടപെട്ടത്. എന്നിട്ടും ആധാര്‍ കാര്‍ഡ് കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha


























