ചതിക്കുമറുപടി മരണം...ഭര്‍ത്താവ് കാമുകനെ വെടിവെച്ച് കൊന്നു; യുവതി തൂങ്ങിമരിച്ചു

കാമുകനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകുന്നേരം 3 മണിയോടെ ബാംഗലൂരു ആചാര്യ കോളേജിന് സമീപമായിരുന്നു സംഭവം. ശ്രുതി ഗൗഡ എന്ന യുവതിയും കാമുകന്‍ അമിത് കേശവമൂര്‍ത്തിയുമാണ് മരിച്ചത്. സംഭവത്തില്‍ ശ്രുതിയുടെ ഭര്‍ത്താവ് രാജേഷ് പൊലീസില്‍ കീഴടങ്ങി.
ബഗലഗുണ്ഡെയിലെ എംഇഐ ലേഔട്ടിലാണ് അമിത് താമസിച്ചിരുന്നത്. പിതാവ് കേശവമൂര്‍ത്തിക്കൊപ്പം അഭിഭാഷകനായി ജോലി ചെയ്തുവരികയായിരുന്നു അമിത്. ഗൊല്ലഹല്ലി പഞ്ചായത്തിലെ ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥയാണ് ശ്രുതി ഗൗഡ. കഗ്ഗാലിപുരയിലാണ് താമസം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ രാജേഷിനെ ശ്രുതി വിവാഹം കഴിക്കുന്നത്. അമിതും ശ്രുതിയും അകന്ന ബന്ധുക്കളായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രുതിയും അമിതും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും കുടുംബങ്ങള്‍ ഇതേക്കുറിച്ച് അറിയുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ബന്ധം തുടരുന്നതായി രാജേഷ് അറിഞ്ഞു. ഇതോടെ ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ജിപിഎസ് ഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഓഫീസിലേയ്ക്ക് പോയ ഭാര്യ കാമുകനൊപ്പമാണെന്ന് ഇയാള്‍ മനസ്സിലാക്കി. ഇതോടെ അച്ഛന്റെ തോക്കുമായി ഭാര്യയെ പിന്തുടരുകയായിരുന്നു.
ആചാര്യ നഗറിന് സമീപം ശ്രുതിയും അമിതും കാറിലിരിക്കുന്നത് രാജേഷ് കണ്ടു. പിന്നീട് ഇവര്‍ വാക്കു തര്‍ക്കത്തിലാവുകയും ഇതിനിടെ രാജേഷ് അമിതിനെ നെഞ്ചില്‍ വെടിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി സംഭവം അറിയിക്കുകയും ചെയ്തു. അമിത് മരിച്ചതിനു പിന്നാലെ ശ്രുതിയെയും കാണാനില്ലെന്ന് മനസ്സിലായി. അന്വേഷണത്തില്‍ ആശുപത്രിയുടെ സമീപമുള്ള ലോഡ്ജില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാജേഷിനൊപ്പം 78കാരനായ പിതാവ് ഗോപാലകൃഷ്ണയും പൊലീസിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























