ഇന്ത്യയുടെ അദ്ഭുത ശിശു, നിര്‍വാണ്‍

പൂര്‍ണവളര്‍ച്ച എത്തും മുമ്പ് പിറന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശിശു ആണ് നിര്‍വാണ്‍. വെറും 22 ആഴ്ച വളര്‍ച്ചയുള്ളപ്പോഴാണ് നിര്‍വാണ്‍ ഈ ലോകത്തേക്ക് പിറന്നു വീണത്. ജനനസമയത്ത് 610 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം. 32 സെന്റിമീറ്ററായിരുന്നു ശരീരത്തിന്റെ നീളം. മുംബൈ സ്വദേശികളായ റെതികവിശാല്‍ ദമ്പതികളുടെ കുട്ടിയായ നിര്‍വാണ്‍ 132 ദിവസമാണ് നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്.
മുംബൈ സൂര്യ ഹോസ്പിറ്റലിലെ 14 ഡോക്ടര്‍മാരും 50 നഴ്‌സുമാരും അടങ്ങിയ സംഘമാണ് നിര്‍വാണിനെ പരിചരിച്ചത്.
നിര്‍വാണിനായി നിരവധി ചികിത്സകളും പരിചരണങ്ങളും നല്‍കി. വൈദ്യശാസ്ത്രം അനുസരിച്ച് 22 ആഴ്ച മാത്രം വളര്‍ച്ചയെത്തിയ കുട്ടികള്‍ പിറന്ന് കഴിഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. ചെറിയ സാധ്യതകള്‍ അവശേഷിച്ചാല്‍ തന്നെ സെറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ചക്കുറവ്, കേള്‍വികാഴ്ച വൈകല്യങ്ങള്‍, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ ഇവരെ കീഴടക്കും.
ജനനസമയത്ത് നിര്‍വാണിന്റെ ശ്വാസകോശങ്ങള്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ യന്ത്രസഹായത്തോടെയാണ് ജനിച്ച് വീണ സമയം മുതല്‍ നിര്‍വാണ്‍ ശ്വസിച്ചത്. ശ്വാസകോശത്തില്‍ വായു കെട്ടിനില്‍ക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി അപകടനിലകളെ തരണം ചെയ്താണ് നിര്‍വാണ്‍ ജീവിതത്തിലേക്കെത്തിയതെന്ന് നിര്‍വാണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഒരുമാസം നീണ്ടുനിന്ന സ്റ്റിറോയ്ഡ് ചികിത്സയിലൂടെയാണ് തനിച്ച് ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ഒരു അദ്ഭുത ശിശു ആണെന്ന് തെളിയിച്ചിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വളര്‍ച്ച പകുതിയേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ആറുമാസത്തെ പരിചരണത്തിലൂടെയും ചികിത്സയിലൂടെയും നിര്‍വാണിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ 3.8 കിലോഗ്രാമാണ് നിര്‍വാണിന്റെ തൂക്കം. കൃത്രിമശ്വാസോച്ഛ്വാസ മാര്‍ഗങ്ങള്‍ എടുത്തുമാറ്റിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇതിന് മുമ്പ് പൂര്‍ണവളര്‍ച്ചയില്ലാതെ ജനിച്ച കുട്ടികള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നതായി റിപ്പോര്‍ട്ടുകളില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























