സെല്‍ഫി തിരക്കിനിടയിൽ ജീവിതത്തിന്‍റെ അവസാന ഫ്രെയിമില്‍ കൂട്ടുകാരൻ മുങ്ങി താണതറിഞ്ഞില്ല; ഒന്നുമറിയാതെ സുഹൃത്തുക്കൾ സെൽഫി എടുത്ത് രസിച്ചപ്പോൾ...

സെൽഫി പകർത്തുന്നതിനിടെ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വിദ്യാർഥി സംഘം നീന്തൽ കുളത്തിൽ നിന്നും സെൽഫി പകർത്തുന്നതിനിടെ കൂടെയുള്ള വിദ്യാർഥി വെള്ളത്തിൽ മുങ്ങിത്താണുപോയി. എന്നാൽ തങ്ങൾക്ക് പിറകിൽ കൂട്ടുകാരൻ മരണവെപ്രാളത്തിലാണെന്നറിയാതെ സംഘം സെൽഫി പകർത്തുന്നത് തുടർന്നു. തെക്കൻ ബെംഗളൂരുവിലെ റാവഗോന്ദ്ൻലു ബെട്ടയിലാണ് സംഭവം.
ജയനഗർ നാഷണൽ കോളേജിൽ നിന്നും എൻ സിസി ട്രെക്കിങ് ക്യാമ്പിനെത്തിയ 24 അംഗ സംഘത്തിൽ പ്പെട്ടയാളാണ് മുങ്ങിമരിച്ച ജി വിശ്വാസ്(17). ശനിയാഴ്ച മുതൽ ഇവർ റാവുഗൊഡ്ൻലുവിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പിൽ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ കല്ല്യാണി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തി. നീന്തൽ അറിയാത്ത വിശ്വാസും ഇവർക്കൊപ്പം ചേർന്നു.
കുളത്തിൽ നിന്നും ഇവർ സെൽഫി പകർത്തുന്നതിനിടെയാണ് വിശ്വാസ് വെള്ളത്തിൽ മുങ്ങിപ്പോയത്. എന്നാൽ ഇത് സുഹൃത്തുക്കൾക്ക് മനസ്സിലായില്ല. നീന്തൽ കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് സെൽഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെൽഫിയുടെ പശ്ചാത്തലത്തിൽ വിശ്വാസ് മുങ്ങിപ്പോവുന്നതായി കണ്ടത്. വിദ്യാർഥി സംഘം വിവരമറിയിച്ചതിനെ തുടർന്ന് ആധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി വിശ്വാസിന്റെ മൃതദേഹം കണ്ടെടുത്തു.

സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. കോളേജ് അധ്യാപകരുടേയും എൻസിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് പിതാവ് ആരോപിച്ചു. ക്യാമ്പിന് പുറത്ത് പോകുമ്പോൾ സംഘത്തെ നിയന്ത്രിക്കേണ്ടതും നിരീക്ഷിക്കേണ്ടതും അധ്യാപകരുടെ ചുമതലയല്ലേയെന്നും ഗോവിന്ദയ്യ ചോദിച്ചു.
കേസിൽ പോലീസ് എൻ സിസി യൂണിറ്റിന്റെ ചുമതലയുളള അധ്യാപകൻ ഗിരീഷിനോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha


























