ഭീകരർക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി

അതിർത്തിയിൽ നുഴഞ്ഞു കയറ്റം തുടരുന്ന പാകിസ്ഥാൻ തീവ്രവാദികൾക്ക് മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത് രംഗത്ത്. ഭീകരരെ തുരത്താൻ ആവശ്യമെങ്കിൽ ഇനിയും മിന്നലാക്രമണം നടത്താൻ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം ഭീകര ക്യാംപുകൾ ഉണ്ട്. അതിനാൽ തന്നെ ഇനിയും നുഴഞ്ഞുകയറ്റം ഉണ്ടാവുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരെ ഇവിടേക്ക് സ്വാഗതം ചെയ്യുകയാണ്. നിങ്ങൾക്കുള്ളശവക്കുഴികൾ ഞങ്ങൾ തയ്യാറാക്കി കഴിഞ്ഞു. അതിർത്തിയിൽ എത്തുന്ന ഭീകരരെ സ്വീകരിച്ച് രണ്ടരയടി താഴ്ചയിൽ മണ്ണിലേക്ക് അയയ്ക്കാൻ ഇന്ത്യൻ സേന കാത്തിരിക്കുന്നു - റാവത്ത് പറഞ്ഞു. മിന്നലാക്രമണം പാകിസ്ഥാൻ ഭീകരർക്കുള്ള മുന്നറിയിപ്പും സന്ദേശവുമായിരുന്നു. അത് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും ആക്രമണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷയ്ക്കായുള്ള നടപടികളെടുക്കാൻ കരുത്തും ശക്തിയുമുള്ള രാജ്യമാണ് ഇന്ത്യ. ഏതു പ്രതിസന്ധിയേയും നേരിടാൻ ഇന്ത്യ സുസജ്ജമാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി.കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയത്. ഭീകരരുടെ ലോഞ്ചട് പാഡുകളും അന്ന് സൈന്യം തകർത്തിരുന്നു. എന്നാൽ, അതിന് ശേഷവും നുഴഞ്ഞു കയറ്റത്തിൽ കുറവ് ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha


























