ഗൂര്‍ഖാലാന്റിന് വേണ്ടി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിച്ചു

ഗൂര്‍ഖാലാന്റിന് വേണ്ടി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അപേക്ഷയെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച അറിയിച്ചത്.
രണ്ടാഴ്ചക്കുള്ളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിക്കുകയാണെന്ന് ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുറാങ് അറിയിച്ചു. ജൂണ്‍ 15നാണ് വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിങ് ഹില്‍സില്‍ പ്രത്യേക ഗുര്‍ഖാലാന്റിനു വേണ്ടിയുള്ള പ്രക്ഷോഭം ജനമുക്തി മോര്‍ച്ച തുടങ്ങിയത്. 100 ദിവസമായി നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മേഖലയിലെ മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ ഔദ്യോഗിക യോഗം വിളിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. യോഗത്തില്‍ ഗൂര്‍ഖാലാന്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കും. അതിനു മുന്നോടിയായി മേഖലയില്‍ സമാധാനാന്തരീക്ഷം കൊണ്ടു വരുന്നതിനായി അനിശ്ചിതകാല ബന്ദ് പിന്‍വലിക്കാന്‍ ജി.ജെ.എം നേതാക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.
ഉത്‌സവ സമയമായതിനാല്‍ സംസ്ഥാനം സാധാരണനില കൈവരിക്കാന്‍ ബന്ദ് പിന്‍വലിക്കണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. ഹില്‍സിലെ വിവിധ പാര്‍ട്ടികള്‍ ത്രിതല ചര്‍ച്ച വേണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അതിനു വേണ്ടി ശ്രമം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കേന്ദ്രം ഉടന്‍ ഇടപെടണമെന്നായിരുന്നു ഗൂര്‍ഖാലാന്റ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ക്കുന്നത് ത്രിതല യോഗമാണോ എന്ന കാര്യം വ്യക്തമല്ല. ജനാധിപത്യ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണ് വഴിയെന്നായിരുന്നു യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചുകൊണ്ട് രാജ്‌നാഥ് സിങ് വിശദീകരിച്ചത്.
ഗൂര്‍ഖാലാന്റ് പ്രക്ഷോഭകര്‍ മൂന്നു തവണ രാജ്‌നാഥ് സിങ്ങിനെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. സെപ്തംബര്‍ 19നാണ് ഒടുവില്‍ രാജ്‌നാഥിനെ കണ്ടത്.
https://www.facebook.com/Malayalivartha


























