എല്‍ഫിന്‍സ്റ്റണ്‍ ദുരന്തത്തില്‍ കേന്ദ്ര സർക്കാരിനും റെയില്‍വെയ്ക്കെതിരെ വിമർശനവുമായി രാജ് താക്കറെ ; ആളുകളെ കൊല്ലാന്‍ പാകിസ്താനോ തീവ്രവാദികളോ വേണ്ട, ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളം

മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ തിക്കിലും തിരക്കിലും പെട്ട് 27 ഓളം പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും റെയില്‍വേ മന്ത്രാലയത്തിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സംഭവത്തിൽ അപ്രതീക്ഷിതമായി പെയ്ത മഴയാണ് അപകടം വരുത്തിയതെന്നായിരുന്നു റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. ഇതിനു മറുപടിയായി മുംബൈയില്‍ ആദ്യമായല്ല മഴ പെയ്യുന്നതെന്നും, രാജ്യത്തെ ലോക്കല്‍ റെയില്‍ വേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അനുവദിക്കില്ലെന്നും താക്കറെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എല്‍ഫിന്‍സ്റ്റോണ്‍ സ്റ്റേഷനെയും സമീപത്തെ ലോവര്‍ പാരല്‍ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന നടപ്പു മേല്‍പ്പാലത്തില്‍ അപകടമുണ്ടാകുന്നത്.രാവിലെ മുംബൈയില്‍ കനത്ത മഴ പെയ്തതിനാൽ ആളുകള്‍ കൂട്ടമായി പാലത്തില്‍ കയറിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. വളരെ ഇടുങ്ങിയ പാലമായതിനാല്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയറിയതിനാൽ അപകടം ഉണ്ടാക്കുകയായിരുന്നു. കൂടാതെ ലോക്കല്‍ ട്രെയിനുകളില്‍ ചിലത് വൈകിയാണ് എത്തിയത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാല് ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയതോടെ ആളുകള്‍ സ്റ്റേഷനില്‍ നിറഞ്ഞു. മഴ കാരണം പലരും പോകാന്‍ മടിച്ച് മേല്‍പ്പാലത്തില്‍ നിന്നതോടെ തിരക്ക് അനിയന്ത്രിതമാകുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു. തിരക്കിനിടെ പലരും നിലത്തു വീണു ചവിട്ടേറ്റാണ് മരിച്ചത്.
അതെ സമയം ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. മുംബൈ ദുരന്തം സാധാരണ അപകടമല്ലെന്നും സര്‍ക്കാര്‍ ഒന്നടങ്കം ജനങ്ങളെ കൊന്നൊടുക്കുകയായിരുന്നുവെന്നും ശിവസേന എംപി സജ്ഞയ് റാവത്ത് ആരോപിച്ചിരുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ രാജിവെയ്ക്കണമെന്നാവശ്യവും ശിവസേന ഉന്നയിച്ചു അപകടത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പീയൂഷ് ഗോയലിന്റെ രാജി ആവശ്യപ്പെട്ട് നൂറോളം ശിവസേന പ്രവര്‍ത്തകർ നിലയുറപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























