നാരായണ്‍ റാണെ പുതിയ പാർട്ടി രൂപീകരിച്ചു

കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെ പുതിയ പാർട്ടി രൂപീകരിച്ചു. "മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ്' എന്നാണ് റാണയുടെ പുതിയ പാർട്ടിയുടെ പേര്. മുംബൈയി്ൽ നടന്ന വാർത്ത സമ്മേളനത്തിലാണ് റാണെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കൊങ്കണ്‍ മേഖലയിലെ പ്രമുഖ നേതാവുമായ നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിനെയും ശിവസേനയെയും കടന്നാക്രമിച്ചുകൊണ്ടാണ് റാണെയുടെ പാർട്ടി പ്രഖ്യാപനം.
അതേസമയം റാണയുടെ പുതിയ പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്നും സൂചനകൾ ഉണ്ട്. തിങ്കളാഴ്ച ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടക്കുന്ന റാണെയുടെ കൂടിക്കാഴ്ചയ്ക്കുശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റാണെയെ മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്നും സൂചനകളുണ്ട്.
2005 ജൂലൈ 26നാണ് നാരായണ്‍ റാണെ ശിവസേന വിട്ട് കോണ്‍ഗ്രസിലെത്തിയത്. തൊട്ടടുത്ത ദിവസം റാണെയെ റവന്യു മന്ത്രിയായി നിയമിച്ചു. ശിവസേനയിൽ ഉദ്ധവ് താക്കറെ പ്രാമുഖ്യം നേടുന്നതിനെതിരേ രംഗത്തുവന്ന റാണെയെ ശിവസേനാ തലവൻ ബാൽ താക്കറെ പുറത്താക്കുകയായിരുന്നു. 1999ൽ മനോഹർ ജോഷിക്കു പകരം റാണെയെ മുഖ്യമന്ത്രിയാക്കിയതും താക്കറെയുടെ താത്പര്യപ്രകാരമായിരുന്നു.
https://www.facebook.com/Malayalivartha


























